മായാവതിയുടെ കാല്‍ തൊട്ടുവന്ദിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ! സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമായി

അലീഗഡ്: ബി.എസ്.പി നേതാവ് മായാവതിയുടെ കാല്‍ തൊട്ടുവന്ദിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമായി. അത്രോളി സീറ്റില്‍ 2017ല്‍ നടക്കാനിരിക്കുന്ന അസംബ്‌ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന സംഗീത ചൗധരിക്കാണ് സീറ്റ് നഷ്ടമായത്.
സംഗീത ചൗധരിയും അവരുടെ മക്കളും മായാവതിയുടെ അനുഗ്രഹം വാങ്ങുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രം മായാവതിയില്‍ അനിഷ്ടമുണ്ടാക്കി. തുടര്‍ന്ന് സംഗീതക്ക് അസംബ്‌ളി തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നിരസിക്കുകയായിരുന്നു. അത്രോളി സീറ്റില്‍ സംഗീതയുടെ ഭര്‍ത്താവ് ധര്‍മ്മേന്ദ്ര ചൗധരിയായിരുന്നു വിജയിച്ചിരുന്നത്. 2015 ജനുവരിയില്‍ അദ്ദേഹം കൊല്ലപ്പെട്ടതോടെ ആ സീറ്റില്‍ മത്സരിക്കാന്‍ സംഗീതയെ പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ടിക്കറ്റ് റദ്ദ് ചെയ്തതെന്ന് ബി.എസ്.പി ജില്ല പ്രസിഡന്റ് അരവിന്ദ് ആദിത്യ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

എന്നാല്‍ മായാവതിയുടെ കാല്‍ തൊട്ടുവന്ദിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടത് മായാവതിയെ അപമാനിക്കാനായിരുന്നില്ലെന്നും മായാവതി തന്നോടൊപ്പമുണ്ടെന്ന് പ്രതിപക്ഷത്തെ കാണിക്കാന്‍ മാത്രമായിരുന്നുവെന്നും സീറ്റ് നിഷേധിക്കപ്പെട്ട സംഗീത ചൗധരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top