പ്രമുഖ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് നേരെ ആക്രമണം; ഷൂട്ടിംഗ് സെറ്റും നശിപ്പിച്ചു, പുതുതായി നിര്‍മ്മിക്കുന്ന സിനിമയിലെ രംഗങ്ങളാണ് സംഭവത്തിന് കാരണം. അക്രമത്തിനെതിരെ വ്യപക പ്രതിഷേധം

ജയ്പ്പൂര്‍: പുതുതായി നിര്‍മ്മിക്കുന്ന ചരിത്ര സിനിമയിലെ രംഗങ്ങളെച്ചൊല്ലി പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് മര്‍ദ്ദനം. സിനിമ ചിത്രീകരിച്ചിരുന്ന സെറ്റും അക്രമികള്‍ തകര്‍ത്തു. വെള്ളിയാഴ്ച പത്മാവതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്രമുമുണ്ടായത്. പ്രതിഷേധക്കാര്‍ ബന്‍സാലിയെ മര്‍ദ്ദിക്കുകയും മുടി പിടിച്ചുവലിക്കുകയും ചെയ്തു. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമ എന്ന് ആരോപിച്ചാണ് രജ്പുത് കര്‍ണി സേന പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. രാജസ്ഥാനിലെ ജയ്ഗഢ് ഫോര്‍ട്ടിലായിരുന്നു ചരിത്രസിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സിനിമയുടെ സെറ്റും ഉപകരണങ്ങളും നശപ്പിച്ച പ്രതിഷേധക്കാര്‍ സംഭവങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. അതേസമയം,സംഭവത്തെതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് പത്മാവതി എന്ന സിനിമയുടെ പ്രമേയം. തന്റെ സൈന്യത്തോടൊപ്പം ചക്രവര്‍ത്തിക്കെതിരെ പോരാടിയ റാണി പത്മിനിയുടെ കഥ പ്രസിദ്ധമാണ്. ചക്രവര്‍ത്തി ചിറ്റോര്‍ഗഡ് കോട്ടയിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുന്‍പ് മറ്റ് സ്ത്രീകളോടൊപ്പം റാണിയും സ്വയം മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് റാണി പത്മിനിയുടേയും അലാവുദീന്‍ ഖില്‍ജിയുടേയും വേഷങ്ങള്‍ അഭിനയിക്കുന്നത്. റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അത്തരം രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് രജ്പുത് കര്‍ണി സേന ആവശ്യപ്പെട്ടുവെന്നാണ് സൂചന. ചരിത്രം വളച്ചൊടിക്കുന്നതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് സേനയുടെ നേതാവ് നാരായണ്‍ സിങ് വ്യക്തമാക്കി.

ആക്രമണത്തില്‍ സിനിമാപ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ബന്‍സാലിക്ക് പിന്തുണയുമായി നിരവധി സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Top