അറുപത്തി നാലാമത് ദേശീയ അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചതിനെ പരാമർശിച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റ് ലാലിനെ പിന്തുണച്ചത്. പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനത ഗ്യാരേജ് തുടങ്ങിയ ചിത്രങ്ങിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. മോഹന്‍ലാലിന്റെ സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശനായിരുന്നു ജൂറി എന്നതുകൊണ്ട് മനപൂര്‍വം പരിഗണന നല്‍കുകയായിരുന്നുവെന്നും അല്ലാതെ മോഹന്‍ലാലിന്റെ അഭിനയ പ്രതിഭയെ വിലയിരുത്താന്‍ പറ്റിയ ചിത്രങ്ങളായിരുന്നില്ല ഇവയെന്നും വിമര്‍ശനമുയര്‍ന്നു.
അവസാന നിമിഷം മോഹന്‍ലാലിന് നിഷേധിക്കപ്പെട്ട ദേശീയ അവാര്‍ഡുകള്‍ ഏതെല്ലാമാണെന്ന് ചൂണ്ടിക്കാട്ടി, മോഹന്‍ലാലിന്റെ അഭിനയ മികവിനെ പുകഴ്ത്തിയാണ് പണ്ഡിറ്റിന്റെ കുറിപ്പ്. 1988ല്‍ പാദമുദ്ര, 1989ല്‍ ദശരഥം, 1991ല്‍ വാസ്തുഹാര, 1992ല്‍ സദയം, 1995ല്‍ കാലാപ്പാനി, 1997ല്‍ ഇരുവര്‍. ഈ ആറെണ്ണം താനൊക്കെ പത്രം വായിക്കുന്നതിന് മുന്‍പ് മിസ്സായവയാണെന്ന് സന്തോഷ് പറയുന്നു. ശ്രദ്ധിച്ചു തുടങ്ങിയതില്‍ ആദ്യ നഷ്ടം 2005ലായിരുന്നു.
തന്മാത്രയിലെ അല്‍ഷിമേഴ്‌സ് രോഗിയായ രമേശനായുള്ള അങ്ങേരുടെ പ്രകടനം അവസാന നിമിഷം വരെ അവാര്‍ഡ് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ഒടുക്കം നടന്മാരുടെ പ്രായവും ഇനിയും അവാര്‍ഡ് നേടാനുള്ള സാധ്യതയും വരെ പരിഗണനാ വിഷയമാക്കിയ ജൂറി പുരസ്‌കാരം ബ്ലാക്കിലെ അഭിനയത്തിനെന്നും പറഞ്ഞു അമിതാഭ് ബച്ചന് കൊടുത്ത് മാതൃകയായി കളഞ്ഞുവെന്ന് പണ്ഡിറ്റ് പറയുന്നു.
പിന്നെ 2007ല്‍ പരദേശിയിലെ വലിയകത്ത് മൂസയിലൂടെ അങ്ങേര് ദേശീയ അവാര്‍ഡിന്റെ അവസാന റൗണ്ട് വരെ പിന്നെയും കേറി ചെന്നു.കാഞ്ചീവരത്തിലെ പ്രകടനത്തിന്റെ പേരില്‍ പ്രകാശ് രാജാണ് ഒപ്പമുണ്ടായിരുന്നത്. എട്ട് അംഗ ജൂറിയില്‍ വോട്ടെടുപ്പ് വേണ്ടി വന്നപ്പോള്‍ രണ്ടു പേര്‍ക്കും നാല് വീതം വോട്ട് കിട്ടി. അവസാനം ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ടിലൂടെ അവാര്‍ഡ് തമിഴ്‌നാട്ടിലേക്ക് പോയി.
2009ല്‍ ഭ്രമരത്തിലൂടെ അങ്ങേര്‍ വീണ്ടും ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടപ്പോള്‍ കഥാപാത്രത്തിന്റെ പ്‌ളേസിങ് ശരിയായില്ലെന്നും സിനിമയുടെ കഥയൊട്ടും യുക്തിഭദ്രമല്ലെന്നുമൊക്കെയുള്ള ലൊട്ടുലൊടുക്ക് ന്യായം പറഞ്ഞ് ജൂറി അക്കുറി അവാര്‍ഡ് കൊടുക്കാതിരുന്നു.
ഏറ്റവുമൊടുവില്‍ പ്രണയത്തിലെ പ്രകടനത്തിന് 2011ലാണ് ദേശീയ അവാര്‍ഡിനുള്ള പരിഗണന നേടുന്നത്. അത്തവണയും അവസാന നിമിഷം അവാര്‍ഡ് നിഷേധിക്കപ്പെട്ടു. പ്രണയത്തിലെ പ്രൊഫസര്‍ മാത്യൂസ് ഒരു മുഴുനീള കഥാപാത്രം അല്ലെന്നും, സിനിമയില്‍ ആ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം തീരെ കുറഞ്ഞുപോയെന്നും, അതു കൊണ്ട് അയാളെയൊരു മെയിന്‍ കഥാപാത്രമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ആയിരുന്നു അന്നത്തെ കണ്ടെത്തല്‍. അങ്ങനെ പത്താം തവണയും അങ്ങേരെയവര്‍ നൈസ് ആയങ്ങ് ഒഴിവാക്കി കളഞ്ഞു.
പക്ഷേ, അതുകൊണ്ടോന്നും മോഹന്‍ലാല്‍ കുലുങ്ങിയില്ലെന്നും ഒഴിവാക്കിയെന്നും തഴഞ്ഞെന്നും ചവിട്ടി താഴ്ത്തിയെന്നും എവിടെയും പരാതിപ്പെട്ടതുമില്ലെന്നും പണ്ഡിറ്റ് പറയുന്നു. പകരം വാശിയോടെ വീണ്ടും അഭിനയിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഹിന്ദിയും തമിഴും പോലുള്ള വലിയ വലിയ ഇന്‍ഡസ്ട്രികളോട് പൊരുതി നാല് ദേശീയ അവാര്‍ഡ് ഈ കൊച്ചു മലയാളത്തിന് വാങ്ങി തന്നു.പിന്നെ സംസ്ഥാന അവാര്‍ഡ്, അതൊരു ആറെണ്ണം അലമാരിയിലിരിക്കുന്നുണ്ടെന്നും പണ്ഡിറ്റ് പറഞ്ഞുവെക്കുന്നു.