ഗുജറാത്ത്: മൂവായിരം കോടി രൂപ മുടക്കി ബിജെപി സര്‍ക്കാര്‍ പണി കഴിപ്പിച്ച ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ വിള്ളല്‍ വീണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. ദേശീയ മാധ്യമമായ ആള്‍ട്ട് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത്.
രാജീവ് ജെയിന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. വാട്‌സാപ്പിലുടെയും ചിത്രങ്ങള്‍ സഹിതം പട്ടേല്‍ പ്രതിമയിലെ വിള്ളല്‍ പ്രചരിച്ചു. പട്ടേലിന്റെ പ്രതിമയില്‍ വെളുത്ത പാടുകളായി കാണുന്നത് വിള്ളലുകളാണെന്നായിരുന്നു പ്രചാരണം.
എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ആയിരക്കണക്കിന് വെങ്കലപാളികള്‍ കൂട്ടിച്ചേര്‍ത്താണ് പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള ജോയിന്റുകളാണ് വെള്ള വരകള്‍ പോലെ കാണപ്പെടുന്നത്. ദൂരെ നിന്ന് നോക്കുമ്പോള്‍ ഈ വെളുത്ത വരകള്‍ കാണാനാകില്ലെങ്കിലും അടുത്ത് ചെല്ലുമ്പോള്‍ വിള്ളലുകള്‍ പോലെ കാണപ്പെടും. പ്രതിമയില്‍ വിള്ളലുകള്‍ വീണെന്ന പ്രചാരണം സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി സിഇഒ ഐകേ പട്ടേലും തള്ളിയിട്ടുണ്ട്.
കഴിഞ്ഞ മാസ,മാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്.