ആലപ്പുഴ: സരിത നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജുള്ള കത്തായത് ഗണേഷ് കുമാറിന്റെ വീട്ടില്‍വെച്ചാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേർക്കാനുള്ള നാലു പേജുകൾ എത്തിച്ചു നൽകിയത്. 2015 മാര്‍ച്ച് 13 നായിരുന്നു ഇത്. ഗണേഷിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തുന്നതെന്നു ശരണ്യ മനോജ് പറഞ്ഞതായും ഫെനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട ജയിലില്‍ നിന്ന് ഞാന്‍ കൊണ്ടു വന്ന കത്ത് തന്റെ കൈയിയില്‍ നിന്ന് വാങ്ങിയത് ഗണേഷ് കുമാറിന്റെ പി.എ പ്രദീപാണ്. എന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ എഴുതിചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിചേര്‍ത്തതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് താന്‍ ചോദിച്ചിരുന്നു. ഇനി ഏതായാലും ഗണേഷിന് മന്ത്രിയാകാന്‍ പറ്റില്ല, അതുകൊണ്ട് ചിലര്‍ക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു മറുപടിയെന്നും ഫെനി പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമായി ഉൾകൊള്ളിച്ചിരുന്ന സരിതയുടെ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഫെനിയുടെ വെളിപ്പെടുത്തൽ.സരിതയുടെ കത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ സോളർ കമ്മിഷൻ എന്താണു ചെയ്തതെന്നും 21 പേജുള്ള കത്താണു തയാറാക്കിയതെന്നു ജയിൽ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയിരുന്നുവെന്നും ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സരിതയുടെ കത്ത് ഫെനി ബാലകൃഷ്ണൻ കണ്ടിട്ടില്ലെന്ന് ശരന്യ മനോജ് പ്രതികരിച്ചു. ആരോപണം മറുപടി അർഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഈ കത്തിന് പേജ് നമ്പർ ഇട്ടിരുന്നില്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ 24- 25 പേജാണ് കത്തിലുണ്ടായിരുന്നതെന്നും ശരണ്യ മനോജ് പറഞ്ഞു. അതേസമയം ഫെനിയുടെ ആരോപണങ്ങൾ സരിതയും നിരാകരിച്ചു. തന്റെ കത്ത് ഫെനി കണ്ടിട്ടില്ലെന്ന് സരിതയും വ്യക്തമാക്കി. തന്റെ കത്തിനെ കുറിച്ച് ആധികാരികമായി പറയേണ്ടത് താൻ തന്നെയാണെന്നും സരിത പറഞ്ഞു. കത്തിന്റെ രണ്ട് പുറവും എഴുതിയിരുന്നു എന്നുമാണ് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്.