ഉമ്മൻചാണ്ടിയെ കുടുക്കാനുള്ള തെളിവ് പെൻഡ്രൈവിലുണ്ടെന്നു സരിത: ഉടൻ ചാനലുകൾക്കു നൽകിയേക്കും

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ബോൾഗാട്ടിയിലെ ലുലു കൺവൻഷൻ സെന്ററുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ സംഭാഷണം താൻ കഴിഞ്ഞ മാസം ഹാജരാക്കിയ പെൻഡ്രൈവിലുണ്ടെന്ന് സരിത എസ്. നായർ സോളാർ കമ്മിഷനെ അറിയിച്ചു. ഒരു മിനിറ്റ് 34 സെക്കൻഡാണു സംഭാഷണത്തിന്റെ ദൈർഘ്യം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവുകളും യോഗങ്ങളുടെ മിനിട്‌സുകളും താൻ അന്നു സമർപ്പിച്ച രേഖകളിലുണ്ടെന്നും സരിത മൊഴി നൽകി.
മൂന്നു പെൻഡ്രൈവുകളും പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ എഴുതിയതെന്ന് അവകാശപ്പെടുന്ന കത്തിന്റെ പകർപ്പ് അടക്കം ഏഴു ഫയലുകളുമാണ് സരിത കഴിഞ്ഞ മാസം കമ്മിഷനു കൈമാറിയത്. ഇവ ഇന്നലെ സരിതയുടെ സാന്നിധ്യത്തിൽ അടയാളപ്പെടുത്തി കമ്മിഷൻ തെളിവായി സ്വീകരിച്ചു. ഇവയുടെ അടിസ്ഥാനത്തിൽ സരിതയെ വീണ്ടും വിസ്തരിക്കും. പുതിയ തെളിവുകളിലെ ആരോപണവിധേയർക്ക് അവയുടെ പകർപ്പും സരിതയെ ക്രോസ് വിസ്താരം നടത്താനുള്ള അനുമതിയും നൽകും.
ക്രോസ് വിസ്താരത്തിനായി സരിത 17നു ഹാജരാകണമെന്ന് കമ്മിഷൻ നിർദേശിച്ചു. പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിന്റെ ഒറിജിനലും അന്നു ഹാജരാക്കണം. ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ തോമസ് കൊണ്ടോട്ടിയുമായി നടത്തിയ മൂന്നു മണിക്കൂർ നീണ്ട സംഭാഷണമാണ് രണ്ടാമത്തെ പെൻഡ്രൈവിലുള്ളതെന്ന് സരിത കമ്മിഷനെ അറിയിച്ചു. ലൈംഗികാരോപണങ്ങളെ സാധൂകരിക്കുന്ന അശ്ലീല ദൃശ്യങ്ങളാണ് മൂന്നാമത്തെ പെൻഡ്രൈവിന്റെ ഉള്ളടക്കം.
ഉമ്മൻ ചാണ്ടിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനുമായുള്ള ഇമെയിൽ കത്തിടപാടിന്റെ വിവരങ്ങൾ, കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനും സരിതയുടെ ബന്ധു വിനുമോനും തമ്മിലുള്ള സംഭാഷണങ്ങൾ, ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി വാസുദേവ ശർമ്മയുമായുള്ള സംഭാഷണം എന്നിവയും പെൻഡ്രൈവിലുണ്ടെന്ന് സരിത കമ്മിഷനിൽ വ്യക്തമാക്കി.
മുൻ എം.എൽ.എ: പി.സി. വിഷ്ണുനാഥുമായുള്ള ബന്ധം സാധൂകരിക്കുന്ന തെളിവുകൾ, കടുത്തുരുത്തി മണ്ഡലത്തിൽ സോളാർ തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് മോൻസ് ജോസഫ് എം.എൽ.എ. വഴി നൽകിയ പദ്ധതിനിർദേശം, ഉമ്മൻ ചാണ്ടിക്കു വേണ്ടി ഡൽഹിയിൽ വച്ച് പണം നൽകിയെന്ന പരാമർശത്തെ തുടർന്ന് ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്റെ ഇപ്പോഴത്തെ സ്ഥിതി, സുരാന വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിനു വേണ്ടി സോളാർ റാന്തൽ ഇടപാടിൽ ലക്ഷ്മി നായരെന്ന പേരിൽ അനർട്ടുമായി നടത്തിയ കത്തിടപാടുകൾ, 2011ൽ കൊച്ചിയിൽ സോളാർ സിറ്റി മാസ്റ്റർ പ്ലാനിനുവേണ്ടി മുൻ മേയർ ടോണി ചമ്മണിക്കു സമർപ്പിച്ച നിർദേശം, നികുതിയിളവിനുവേണ്ടി മുൻ കേന്ദ്ര ധനസഹമന്ത്രി പളനിമാണിക്കവുമായി ബന്ധപ്പെട്ടതിന്റെ രേഖകൾ, ഉമ്മൻ ചാണ്ടിയുടെ പഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന ടെന്നി ജോപ്പനുമായും കെ.പി.സി.സി. സെക്രട്ടറി എൻ. സുബ്രഹ്മണ്യനുമായും നടത്തിയ ഇമെയിൽ ആശയവിനിമയം എന്നിവയുടെ വിശദമായ രേഖകളും ഹാജരാക്കിയവയിൽ ഉണ്ടെന്ന് സരിത വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top