
സോളാർ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരേ സരിതാ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ സർക്കാരിന്‍റെ ഭാഗമായുള്ളവർ പ്രതിപ്പട്ടികയിലുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെട്ടു. താൻ ഉന്നയിച്ച പരാതികൾ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയിൽ പറയുന്നു. ജുഡീഷൽ കമ്മീഷന് മുന്പ് നൽകിയ പീഡന പരാതികളടക്കം ഈ പരാതിയിൽ സരിത ആവർത്തിച്ചിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രൻ സർക്കാരിനു കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാൻ തയാറാണെന്നുമാണു ഹേമചന്ദ്രന്‍റെ കത്തിൽ പറയുന്നത്.