ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്ക് ജോലി വാങ്ങി നൽകി! സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്.നിയമന തട്ടിപ്പ് ഒരു മാസം മുമ്പ് എക്സൈസ് വകുപ്പ് അറിഞ്ഞതായി വിവരം

കൊച്ചി:നിയമന തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നത്. ആരോ​ഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് ഈ ശബ്ദ സന്ദേശത്തിൽ സരിത പറയുന്നത്.
2018 ഡിസംബറിലാണ് രതീഷും ഷാജുവും ചേർന്ന് പണപ്പിരിവ് നടത്തിയത്. പക്ഷേ, ജോലി നൽകാനായില്ല. ഇതോടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പണം നൽകിയവർ പ്രതികളെ സമീപിച്ചു. അപ്പോഴായിരുന്നു സരിതയുടെ രംഗപ്രവേശം. പണം കൊടുത്തവരെ സരിത നേരിട്ട് ഫോൺവിളിക്കുകയായിരുന്നു. യഥാർത്ഥ വിലാസം വെളിപ്പെടുത്താതെ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചത്. എന്നാൽ പിന്നീട് തന്റെ ശരിക്കുളള വിലാസം വെളിപ്പെടുത്തി.

ബിവറേജസ് കോർപ്പറേഷനിൽ ജോലിക്കായാണ് 10 ലക്ഷം കൊടുത്തതെന്ന് പറഞ്ഞപ്പോൾ ഒരു ലക്ഷം വേണമെന്ന് സരിത ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഫോൺവിളികൾ. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുളള തയ്യാറെടുപ്പിലാണ് പൊലീസ്. അമ്മയ്‌ക്കും രണ്ടുമക്കൾക്കുമൊപ്പം സരിത നായർ ഇപ്പോൾ തമിഴ്നാട്ടിലാണ് താമസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിൻവാതിൽ നിയമനത്തിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും സരിത ശബ്ദരേഖയിൽ പറയുന്നുണ്ട്. ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെയുള്ള പരാതി.ബെവ്കോയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിന്‍കര സ്വദേശി അരുൺ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ സരിതാ നായർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ ഇടതു സ്ഥാനാർഥിയായി വിജയിച്ച രതീഷ് എന്നയാളാണ്. ഇയാൾ പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സരിത. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി.

ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതിനു ശേഷം വ്യാജ നിയമന ഉത്തരവ് നൽകിയെന്നും പരാതിയിൽ അരുൺ ആരോപിക്കുന്നുണ്ട്. ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ഉത്തരവ് വ്യാജമാണെന്നു മനസിലായത്. ഇതിനെ തുടർന്നാണ് അരുൺ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക്‌ പരാതി നൽകിയത്.

ഒന്നാം പ്രതിയായ രതീഷ് പത്തുലക്ഷം രൂപയാണ് കൈപ്പറ്റിയത്. ബാക്കി ഒരു ലക്ഷം രൂപ രണ്ടാം പ്രതിയായ സരിതാ നായർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു. സരിതയുടെ തിരുനെൽവേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം കൈമാറിയത്.

ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായർ അരുണിനെ ഫോണിൽ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുനെൽവേലിയിലെ അക്കൗണ്ട് നമ്പർ സരിതയുടേതാണെന്ന് കണ്ടെത്തിയതായി സി.ഐ. ശ്രീകുമാരൻനായർ വ്യക്തമാക്കി. അതേസമയം പരാതി നൽകി മാസങ്ങളായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും തുടർ നടപടികളുണ്ടായില്ലെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

Top