തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ കലങ്ങി മറിയുകയാണ് കേരളം രാഷ്ട്രീയം. തന്നെ പീഡിപ്പിച്ചെന്ന് സരിത നല്‍കിയ മൊഴി അതേപടി സോളാര്‍ കമ്മീഷന്‍ പകര്‍ത്തി വച്ചിരിക്കുകയാണെന്ന വാദം പല സ്ഥലത്തുനിന്നും ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടയില്‍ തന്നെ ഉന്നതര്‍ പീഡിപ്പിച്ചു എന്ന ക്തതിലെ വിവരം സരിത തന്നെ പിന്നീട് നിഷേധിച്ചതിന്റെ തെളിവുകളും പുറത്ത് വരുന്നു. പീഡന വിവരം കാട്ടി എഴുതിയ കത്തിലെ വിവരങ്ങള്‍ സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ കോടതിയിലും പിന്നീട് വനിതാ പോലീസ് സ്റ്റേഷനിലും നിഷേധിച്ചതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്. 2013 ജൂലായ് 13-ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ അന്വേഷണം നടത്തണമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ്, ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത നല്‍കിയ മറ്റു രണ്ടുകത്തുകള്‍ പുറത്തുവന്നിരിക്കുന്നത്.
പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യകത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ചുള്ള രണ്ടാംകത്ത് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ നല്‍കിയത്. തന്റെ പേരുചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്.
2013 നവംബര്‍ 22-നാണ് മൂന്നാമത്തെ കത്ത് എഴുതിയത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്കു മറുപടിയായിട്ടായിരുന്നു കത്ത്. അട്ടക്കുളങ്ങര ജയിലില്‍നിന്നുതന്നെയാണ് ഈ കത്തും എഴുതിയത്.
സരിതയുടെ ആദ്യ കത്തിലുള്ള പ്രമുഖര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി. ഇത് എസ്.ഐ. മുഹമ്മദ് നിസാര്‍ വനിതാ പോലീസ് എസ്.ഐ. എം.എന്‍. ലൈലാകുമാരിക്ക് കൈമാറി. വനിതാ എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ അട്ടക്കുളങ്ങര ജയിലില്‍ നേരിട്ടെത്തിയപ്പോഴാണ് ആരോപണങ്ങള്‍ നിഷേധിച്ച് സരിത കത്തു നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനായി നല്‍കിയ പരാതിയില്‍ മൊഴിനല്‍കാനാവില്ലെന്നും കത്തിലുണ്ടായിരുന്നു.
സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. സുരേന്ദ്രന്റെ പരാതിയില്‍ പറയുന്ന പ്രകാരം ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ പരാതിയോ മൊഴിയോ നല്‍കിട്ടില്ല. തന്റെ മാന്യത സമൂഹമധ്യത്തില്‍ പിച്ചിച്ചീന്താനാണ് ശ്രമമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ എഴുതുന്നത് എന്ന് കത്തിന്റെ തുടക്കത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്. ഈ കത്തുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണവിധേയരുടെ പരാതി.