കൊച്ചി: സോളാര്‍ കമ്മീഷനില്‍ ഹാജരാകാതെ അധികൃതരെ കബളിപ്പിച്ച് നടന്ന സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറന്റ്. കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യുന്നതു കൊണ്ട് ഇത്തവണ ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു സരിത പറഞ്ഞത്. തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും സോളാര്‍ കമ്മീഷന്റെ മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറവെടുവിച്ചത്.
മുന്‍പ് പലതവണ കമ്മിഷന്‍ സരിതയെ താക്കീതു ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന സരിത എസ്. നായരുടെ അപേക്ഷ ജസ്റ്റിസ് ജി ശിവരാജന്‍ ഇന്നലെ തള്ളിയിരുന്നു. തെളിവുകള്‍ കൈയ്യില്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കമ്മീഷനു മുന്നില്‍ ഹാജരാക്കാനായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശം. തന്റെ കൈയ്യില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും ഇന്നലത്തെ ക്രോസ് വിസ്താരം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട സരിത കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഹാജാരായില്ലെങ്കില്‍ അറസ്റ്റ് വാനറന്റ് പുറപെടുവിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍ അറിയിക്കുകയായിരുന്നു.
സരിതയെ വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍ മുന്‍പും രംഗത്തു വന്നിരുന്നു. വിസ്താരം വലിച്ച് നീട്ടുന്നത് ആര്‍ക്കും നല്ലതല്ലെന്നും സരിത ഹാജരാകാത്തത് സംശയാസ്പദമാണെന്നും കമ്മീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു . സരിത എത്താത്തതിനെ തുടര്‍ന്ന് വിസ്താരം പല തവണ മാറ്റിവെച്ചിരുന്നു. രക്തസമ്മര്‍ദം മൂലമാണ് ഹാജരാകാതിരുന്നതെന്ന് ഒരു തവണ വിശദീകരണം നല്‍കിയിരുന്നുവെങ്കിലും സരിതയുടെ മൂക്കുത്തിയില്‍ നിന്നാണ് ചോര കിനിഞ്ഞതെന്ന് കമ്മീഷന്‍ ജീവനക്കാരി കണ്ടെത്തിയതായി കമ്മീഷന്‍ പറഞ്ഞിരുന്നു.
ഒരു തവണ ശബ്ദം ഇല്ലെന്ന് പറഞ്ഞ് വിസ്താരത്തില്‍ നിന്ന് ഒഴിവായ സരിത മാധ്യമങ്ങളോട് സംസാരിച്ചത് ശ്രദ്ധയില്‍ പെട്ടതായും കമ്മീഷന്‍ പറഞ്ഞിരുന്നു. ഒരു തവണ മൊഴിയെടുക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിസ്താരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.