കൊച്ചി:സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരെ അടുത്ത ദിവസങ്ങളില്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്‌തേക്കും.ബിജു രാധാകൃഷണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതക കേസില്‍ സരിതയെ കൂടി ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യിക്കാനാണ് സര്‍ക്കാര്‍ നീക്കം.
രശ്മിയുടെ മരണത്തില്‍ സരിതക്ക് പങ്കുണ്ടെന്ന് ബിജു രാധാകൃഷണന്‍ സോളാര്‍ കമ്മീഷനില്‍ തെളിവ് നല്‍കിയിരുന്നു.ഇത് പ്രധാന തെളിവായി എടുത്തായിരിക്കും സരിതയെ അകത്താക്കുകയെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം.എന്നാല്‍ കേസില്‍ നേരിട്ടാണോ അതോ ഗൂഡാലോചനയിലാണോ സരിതക്ക് പങ്കെന്ന് ഇനിയും വ്യക്തമായി പറയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.പക്ഷെ സരിതയെ കേസുമായി കണക്റ്റ് ചെയ്യാവുന്ന ചില തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് തന്നെയാണ് പോലീസ് വാദം.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായി സരിത നിലപാട് മാറ്റിയതോടെയാണ് ഇനി അറസ്റ്റല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് പോലീസ് തീരുമാനിച്ചതെന്നാണ് സൂചന.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പ്രധാന തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ അറസ്റ്റ് നടന്നേക്കുമെന്നാണ് വിവരം.ഇപ്പോള്‍ നേരിട്ട് സരിതയെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പലര്‍ക്കും സാധിക്കുന്നില്ല.ഭരണം മാറുമെന്ന വിശ്വാസത്തിലാണ് സരിത ഇപ്പോള്‍ ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഇതിന് തടയിടുക എന്നത് കൂടിയാണ് സരിതയുടെ അറസ്റ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന.കൊലക്കേസ് പ്രതിയുടെ വാദങ്ങള്‍ക്ക് പൊതുസമൂഹം വലിയ വില നല്‍കില്ലെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ട്.
എന്നാല്‍ സരിതയുടെ അറസ്റ്റ് രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് തടയിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും ആഭ്യന്തര വകുപ്പിന് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.കൊലക്കേസില്‍ പ്രതിയാക്കുന്നതിലൂടെ തിരഞ്ഞെടുപ്പില്‍ അത് പറഞ്ഞ് പിടിച്ച് നില്‍ക്കാമെന്നും ഉമ്മന്‍ചാണ്ടി കണക്കുകൂട്ടുന്നു.സരിതയുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ധേശം നല്‍കിയെന്നാണ് വിവരം.സോളാര്‍ കമ്മീഷനില്‍ വിസ്താരത്തിനിടെ കൊച്ചിയില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.