ശശികല പക്ഷത്ത് ഭിന്നത.അണ്ണാ ഡിഎംകെ വീണ്ടും പൊട്ടിത്തെറിയിലേക്ക്;മന്ത്രിമാര്‍ പാര്‍ട്ടി വിടുന്നു

ചെന്നൈ:ശശികല പക്ഷത്ത് ഭിന്നതയെന്ന് സൂചന . അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറിക്കു കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശശികല പക്ഷത്ത് ഭിന്നതയെന്ന സൂചനകള്‍ ശരിവയ്ക്കുന്ന തരത്തില്‍ മുതിര്‍ന്ന 25 മന്ത്രിമാര്‍ യോഗം ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയും അനന്തരവന്‍ ടി.ടി.വി.ദിനകരനും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനങ്ങള്‍ ഒഴിയണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടതായാണു വിവരം. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളും ദിനകരനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നത്തിനായി കോഴ നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഭിന്നത ഉടലെടുത്തത്.
എടപ്പാടി കെ. പളനിസാമി മന്ത്രിസഭയിലെ ഭൂരിഭാഗവും പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അണ്ണാ ഡിഎംകെ നേതൃത്വവുമായുള്ള പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നേതാക്കളെ എത്തിച്ചത്. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവുമായി ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നു നേതാക്കള്‍ പറഞ്ഞു. രാജിവയ്ക്കുന്നെങ്കില്‍ അതാണു നല്ലത്. ഇല്ലെങ്കില്‍ ഞങ്ങള്‍ മറ്റു നടപടികളിലേക്കു നീങ്ങും. ആ തീരുമാനത്തില്‍നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും മന്ത്രിമാരിലൊരാള്‍ പറയുന്നു.

പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ വീണ്ടും സ്വന്തമാക്കണമെന്നും അമ്മ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. ശശികലയും കുടുംബവും പാര്‍ട്ടിയില്‍നിന്ന് അകന്നാല്‍ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ളവര്‍ തിരിച്ചുവരുമെന്നാണു കരുതുന്നത്. അവര്‍ക്കു നേതൃത്വവുമായി മാത്രമാണ് പ്രശ്നങ്ങളുള്ളത്. പനീര്‍സെല്‍വത്തിനും പാര്‍ട്ടിയെ രക്ഷിക്കണമെന്ന ആഗ്രഹമാണുള്ളത്. അമ്മയുടെ കാലത്തെപ്പോലെ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top