ചിന്നമ്മയെ തഴഞ്ഞു അണ്ണാ ഡിഎംകെയിൽ പടനീക്കം; പനീർസെൽവം പക്ഷവും എടപ്പാടി പളനിസാമി പക്ഷവും ഒന്നിപ്പിന്റെ വഴി തേടുന്നു

ചെന്നൈ: അണ്ണാ ഡിഎംകെയിൽ ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി ഐക്യമുണ്ടാക്കാൻ പനീർസെൽവം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗികപക്ഷവും തമ്മിൽ ചർച്ചകൾ ആരംഭിച്ചു.ഐഎൻഎസ് ചെന്നൈ എന്ന കപ്പലിൽ വെച്ച് പ്രത്യേക പ്രതിനിധികളെ നിയോഗിച്ചാണ് അണ്ണാ ഡിഎംകെ (അമ്മ), അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) വിഭാഗങ്ങളുടെ ചർച്ച.പാർട്ടി ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് ഒ. പനീർസെൽവം അറിയിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണു നിർണായക ഐക്യതീരുമാനം അറിയിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും പുറത്താക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിലും അവർക്കെതിരെയുള്ള പടയൊരുക്കമാണെന്നു വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് കമ്മിഷനെ കൈക്കൂലി കൊടുത്തു സ്വാധീനിക്കാൻ ശ്രമിച്ചതിനു ദിനകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന്റെ തുടർച്ചയായാണു നാടകീയ നീക്കങ്ങൾ.

‘അമ്മ’യുടെ നേതൃത്വത്തിൽ മുന്നോട്ടു പോയതുപോലെ തുടരുമെന്നും പാർട്ടിയുടെയും സർക്കാരിന്റെയും സുരക്ഷിതഭാവി മുന്നിൽ കണ്ടാണു തീരുമാനമെന്നും എടപ്പാടിയുടെ വിശ്വസ്തൻ കൂടിയായ മന്ത്രി ജയകുമാർ അറിയിച്ചു. രണ്ടില ചിഹ്നത്തിനു കീഴിൽ തന്നെ മൽസരിക്കണമെന്ന ലക്ഷ്യം സാധിക്കുമെന്നും പറഞ്ഞു.

ശശികല, ദിനകരൻ എന്നിവരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, ജനറൽ സെക്രട്ടറി പദത്തെ ചോദ്യം ചെയ്തു പനീർസെൽവം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കളെല്ലാം സത്യവാങ്മൂലം നൽകുമെന്നും മന്ത്രി അറിയിച്ചു. പനീർസെൽവത്തെ ഏറ്റവും കൂടുതൽ എതിർത്തിരുന്ന ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ തമ്പിദുരൈ തീരുമാനത്തെ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.

സ്വത്തുകേസിൽ ജയിലിലുള്ള ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഐക്യ ചർച്ചകൾ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്നു മുതിർന്ന മന്ത്രിമാർ മുന്നറിയിപ്പു നൽകിയതായും അഭ്യൂഹങ്ങളുണ്ടായി.

രാത്രിയാണു പി. തങ്കമണി, ഉദുമലൈ രാധാകൃഷ്ണൻ എന്നീ മന്ത്രിമാരുടെ വസതികളിൽ 16 മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്ത ചർച്ചകൾ ചൂടുപിടിച്ചതും ഒടുവിൽ തീരുമാനം പ്രഖ്യാപിച്ചതും. ശശികല കുടുംബത്തെ ഒഴിവാക്കിയാൽ പാർട്ടിയിലെ യോജിപ്പിനു തടസ്സങ്ങളൊന്നുമില്ലെന്ന നിലപാടിലാണിപ്പോൾ പനീർസെൽവവും പളനിസാമിയും.

അതേസമയം, 40 എംഎൽഎമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന സൂചനകളും ശക്തമാണ്. അതിനാൽ, തിടുക്കപ്പെട്ടു നടപടിയുണ്ടായാൽ സർക്കാർ താഴെപ്പോകുമെന്ന ആശങ്കയും ചിലർ പങ്കുവച്ചു. ആർകെ നഗറിലെ വോട്ടർമാർക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ടു ദിനകരന്റെ അടുത്ത അനുയായി മന്ത്രി വിജയഭാസ്കറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണു ശശികല ക്യാംപിൽ അസ്വസ്ഥതകൾ പുകഞ്ഞു തുടങ്ങിയത്.

Top