തിരുവനന്തപുരം: മുടിമുറിച്ച ശേഷം മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിമിത്ര മണ്ഡലം പ്രവര്‍ത്തകയും നെയ്യാറ്റിന്‍കര ബ്ലോക്കിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന സതീകുമാരി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയക്ക് പരാതി നല്‍കി. ഇന്നലെ തിരുവനന്തപുരം കനകക്കുന്നില്‍ ഒരു പരിപാടിക്കിടെ ആഭ്യന്തരമന്ത്രിയെ നേരില്‍ കണ്ടാണ് സതീകുമാരി പരാതി നല്‍കിയത്. കഴിഞ്ഞ 11ന് അക്രമികള്‍ തന്നെ മര്‍ദ്ദിക്കുകയും തലമുടി മുറിച്ചെടുക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പാറശാല പൊലീസ് അന്വേഷണം നടത്തി. നടന്ന സംഭവങ്ങള്‍ ഒന്നും വിട്ടുപോകാതെ പൊലീസിന് പറഞ്ഞെങ്കിലും പുറത്തുവന്നത് തിരുത്തിയ മൊഴിയാണെന്ന് സതീകുമാരി പറഞ്ഞു. തലമുടി മുറിച്ച സംഭവം ഞാന്‍ കെട്ടിചമച്ചതാണെന്ന നിലപാടിലാണ് ലോക്കല്‍ പൊലീസ് എത്തിയത്.
താന്‍ നല്‍കിയ മൊഴിക്ക് വിരുദ്ധമായ കാര്യങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പരാരാമര്‍ശിക്കുന്നതെന്ന് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തിയപ്പോഴാണ് മനസിലാക്കാന്‍ സാധിച്ചത്. സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി കണക്കിലെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ബാഹ്യയിടപെടലുണ്ടോയെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നീതിപൂര്‍വ്വമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സതീകുമാരി പറഞ്ഞു. പരാതി സ്വീകരിച്ച ആഭ്യന്തരമന്ത്രി കര്‍ശന നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കി. ഗാന്ധിമിത്രമണ്ഡലം ചെയര്‍മാന്‍ എം. വേണുഗോപാലന്‍ തമ്പി, ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ. മരിയാപുരം ശ്രീകുമാര്‍, കെ.പി.സി.സി. സെക്രട്ടറി ആര്‍. വല്‍സലന്‍, മലയിന്‍കീഴ് വേണുഗോപാല്‍ മാരായമുട്ടം സുരേഷ് എന്നിവരോടൊപ്പമാണ് സതീകുമാരി ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കാനെത്തിയത്.