സൗദിയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വിദേശികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള മാസാന്ത ലെവി ഇരട്ടിപ്പിക്കല്‍ പ്രാബല്യത്തില്‍. നിലവിലുള്ള 200 റിയാലിന് പകരം നാന്നൂറ് റിയാലാണ് ഇനി ഓരോ തൊഴിലാളിയും അടക്കേണ്ടത്. ഇഖാമ പുതുക്കുന്ന സമയത്ത് ഒരു വര്‍ഷത്തേക്കുള്ള തുകയായ 4800 റിയാല്‍ ഒന്നിച്ചടക്കണം. കുറഞ്ഞ ശമ്പളമുള്ള പ്രവാസികള്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലാകും.
സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളാണ് ലെവി അടക്കേണ്ടത്. വന്‍ തുക തൊഴിലാളികള്‍ക്കായി കമ്പനികള്‍ ഈയിനത്തില്‍ അടക്കേണ്ടി വരും. വ്യക്തിഗത ജോലിയിലുള്ള വിദേശികള്‍ ഈ തുക സ്വന്തം ശമ്പളത്തില്‍ നിന്നും നീക്കിവെക്കണം. ഇതോടെ ഇവരുടെ കാര്യം ദുരിതത്തിലാകും. അടുത്ത വര്‍ഷം ലെവി 600 റിയാലാകും. 2020ല്‍ 800ഉം. ഇത്തവണ ബജറ്റിലെ പ്രധാന വരുമാനങ്ങളിലൊന്നാണ് മാസാന്ത ലെവി. അതായത് പിന്‍വലിക്കാനുള്ള വിദൂര സാധ്യതപോലുമില്ല.
ഭൂരിഭാഗം കമ്പനികളും തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്. 12 മാസത്തേക്കുള്ള സംഖ്യ ഒന്നിച്ച് മുന്‍കൂറായി അടക്കണം. കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഇതോടെ നാട്ടിലേക്കുള്ള വഴി തേടേണ്ട അവസ്ഥയാകും. ധനകാര്യ മന്ത്രാലയമാണ് മാസാന്ത ലെവി ഇരട്ടിപ്പിച്ചത്. ഇരട്ടിച്ച തുക പ്രവാസികളുടെയും കുടുംബത്തിന്റേയും തിരിച്ചു പോക്ക് വേഗത്തിലാക്കും. അത് കേരളത്തിനുണ്ടാക്കുന്ന പ്രത്യാഘാതവും വലുതാകും.