അധ്യാപകര്‍ തമ്മില്‍ കല്യാണം കഴിച്ചതിന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിരിച്ചുവിടല്‍ നടപടി. ജമ്മു കാശ്മീരിലെ പുല്‍വാമയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് അപൂര്‍വ്വമായ നടപടി ഉണ്ടായത്. ജീവിതത്തിലെ നവ ദമ്പതികളുടെ റൊമാന്‍സ് കുട്ടികള്‍ക്ക് മോശം സന്ദേശം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്ന വാദം. താരിഖ് ഭട്ട്, സുമയ്യ ബഷീര്‍ എന്നീ അധ്യാപക ദമ്പതികള്‍ക്കാണ് വിവാഹിതരായതിന്റെ പേരില്‍ പണിപോയി വീട്ടിലിരിക്കേണ്ടി വന്നത്.
താരിഖ് ഭട്ടും, സുമയ്യ ബഷീറും വര്‍ഷങ്ങളായി പുല്‍വാമയിലെ മുസ്ലിം എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരായി ജോലി ചെയ്യുകയായിരുന്നു. നവംബര്‍ 30-ന് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സ്‌കൂളില്‍ വരേണ്ടെന്ന അറിയിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്. പ്രണയ വിവാഹമൊന്നുമല്ലായിരുന്നുവെങ്കിലും വിവാഹത്തിന് മുമ്പ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും പ്രണയബന്ധം ഉണ്ടായിരുന്നു ഇത് വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയെന്നും ആരോപിച്ചാണ് പിരിച്ച് വിടല്‍.
2000 വിദ്യാര്‍ഥികളും 200 മറ്റ് ജീവനക്കാരുമുള്ളതാണ് സ്‌കൂള്‍. താരിഖിന്റെയും, സുമയ്യയുടെയും ബന്ധം വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്നതിന് സംശയമില്ലെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി പറഞ്ഞു. എന്നാല്‍ പിരിച്ച് വിടലുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ ഒന്നും പ്രതികരിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു.
ഞങ്ങളുടേത് ഒരു പ്രണയവിവാഹമൊന്നുമല്ല. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് വിവാഹ നിശ്ചയ ചടങ്ങ് നടന്നതാണ്. ഇതിനെക്കുറിച്ച് സ്‌കൂളിലെ ജീവനക്കാര്‍ക്കെല്ലാം അറിയാം. ശരിയായ രീതിയില്‍ തന്നെയാണ് വിവാഹവും കഴിച്ചത്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള പാപമോ, കുറ്റമോ ഒന്നും ചെയ്തിട്ടില്ല. തങ്ങളെ പിരിച്ച് വിട്ടത് മനപൂര്‍വം അപമാനിക്കാനാണെന്നും ദമ്പതികള്‍ ആരോപിച്ചു.