സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സമയത്ത് മറ്റു ജില്ലകളിലേക്കുളള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ. വിവാഹം, മരണാനന്തര ചടങ്ങ്, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ജില്ല വിട്ടുളള യാത്രകൾക്ക് അനുമതി.
ജില്ല വിട്ട് യാത്ര ചെയ്യുന്നവർ സത്യപ്രസ്താവന കൈയ്യിൽ കരുതണം. വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കയ്യിൽ കരുതണം.
മരണാനന്തര ചടങ്ങുകൾ, നേരത്തെ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്ര ചെയ്യാനും മടങ്ങി വരാനും അനുമതിയുണ്ട്. എന്നാൽ ഇവർ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവയും കൈയ്യിൽ കരുതണം.
ലോക് ഡൗൺ സമയത്തെ മറ്റു നിയന്ത്രണങ്ങൾ ഇങ്ങനെ
നിർമ്മാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. തൊഴിലുറപ്പു ജോലിക്ക് പരമാവധി 5 പേർ മാത്രം.
കളളു ഷാപ്പുകൾ, ബാറുകൾ, മദ്യവിൽപന ശാലകൾ എന്നിവ തുറക്കില്ല.
പെട്രോൾ പമ്പുകൾ, പാചകവാതക ഏജൻസികൾ, പെട്രോളിയം, കേബിൾ സർവീസ്, ഡിടിഎച്ച്, കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസിങ്, സുരക്ഷാ ഏജൻസികൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാം
അതിഥി തൊഴിലാളികൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പു വരുത്തി നിർമ്മാണ സ്ഥലത്തു തന്നെ താമസവും ഭക്ഷണവു ഉറപ്പാക്കണം. ഇതിനു സാധിക്കാത്ത കരാറുകാർ അവർക്കു യാത്രാ സൗകര്യം ഒരുക്കണം.
ബാങ്ക് ഇതര ധനസ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) രാവിലെ 10 മുതൽ 1 വരെ തുറന്നു പ്രവർത്തിക്കാം