സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം വൈകിട്ട് !രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമകളേറെ; യുവാക്കളേയും വനിതകളേയും കൂടുതല്‍ പരിഗണന

കൊച്ചി: പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ . പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഐഎം തീരുമാനം. കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ട്.രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് തീരുമാനം.

ഇതിനിടെ പുതിയ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ച നേതൃതലത്തില്‍ സജീവമാണ്. പിണറായി വിജയനും കെകെ ശൈലജയും ഒഴികെയുള്ളവരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതയാണ് നേതൃത്വം പരിശോധിക്കുന്നത്. സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോര്‍ജ്, പിപി ചിത്തരഞ്ജന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് പുതുമുഖ ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കില്‍ എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍ എന്നീ മുന്‍ മന്ത്രിമാരുടെ സ്ഥാനം നഷ്ടമാവും. പുതുമുഖങ്ങള്‍ക്ക് പുറമെ പുതിയ സര്‍ക്കാരില്‍ സിപിഐക്ക് പ്രാധാന്യം കുറയുമെന്ന സൂചനയുമുണ്ട്. നിലവിലുള്ള ആറ് ക്യാബിനറ്റ് പദവികളില്‍ ഒന്ന് സിപിഐമ്മിന് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ തവണ കൈവശം വെച്ച വകുപ്പുകളും നഷ്ടപ്പെടും.

പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നീക്കമുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ഒന്നാം പിണറായി സര്‍ക്കാരിലെ 20 മന്ത്രിമാരില്‍ 13ഉം സിപിഐഎമ്മില്‍ നിന്ന് ആയിരുന്നു. സിപിഐയുടേതായി നാല് മന്ത്രിമാരും. ഈ നിലയില്‍ ഏതെങ്കിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ധനകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം ഇടതുപക്ഷത്തെ പ്രമുഖരായ സിപിഎം തന്നെ കൈകാര്യം ചെയ്തേക്കും. റവന്യൂ ഉള്‍പ്പെടെയുള്ള മറ്റൊരു സുപ്രധാന ചുമതല സിപിഐ യ്ക്കും നല്‍കിയേക്കും. മറ്റു വകുപ്പുകളിലാകും മാറ്റം വരിക. രണ്ടു മന്ത്രിസ്ഥാനം പരിഗണിക്കുന്ന കേരളാകോണ്‍ഗ്രസിന്റെ വ​രവോടെ വകുപ്പുകളില്‍ പുതുമകള്‍ കൊണ്ടുവരാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

അതുപോലെ ഒറ്റ നേതാക്കളുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ല എന്ന തീരുമാനവും വന്നേക്കും. മന്ത്രിസഭയില്‍ പരമാവധി 21 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താനാകുക. ആദ്യ പിണറായി സര്‍ക്കാരിലെ 20 അംഗമന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാര്‍ സിപിഎമ്മിന് ഉണ്ടായിരുന്നു. സി.പി.ഐ.ക്ക് നാലും എന്‍.സി.പി., ജെ.ഡി.എസ്. എന്നിവയ്ക്ക് ഓരോന്നും ആയിരുന്നു മന്ത്രിമാര്‍.

ഇത്തവണ ഘടകകക്ഷികള്‍ കൂടിയതോടെ എല്ലാവരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതാണ് ഒറ്റ നേതാക്കളുള്ള കക്ഷികളെ ഒഴിവാക്കുന്നത്. ഒന്നാം സര്‍ക്കാര്‍ രൂപവത്കരണഘട്ടത്തില്‍ കോണ്‍ഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയില്‍ ഒറ്റ എം.എല്‍.എ. മാത്രമുള്ള ഘടകകക്ഷി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. നാലോ അഞ്ചോ പാര്‍ട്ടികളാണ് എല്‍ഡിഎഫില്‍ ഒറ്റനേതാക്കളുളള പാര്‍ട്ടികള്‍ ഉള്ളത്.

അഞ്ചുസീറ്റുള്ള കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെങ്കിലും നല്‍കേണ്ടതുമുണ്ട്. കഴിഞ്ഞ തവണ തന്നെ കോണ്‍ഗ്രസ് എസിന് പിന്നാലെ കേരള കോണ്‍ഗ്രസ് (ബി) മുന്നണിയിലെത്തിയിരുന്നു. ആദ്യ പിണറായി സര്‍ക്കാര്‍ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല. എന്നാല്‍ ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി.

ഘടകകക്ഷിയല്ലാത്ത ആര്‍.എസ്.പി. (ലെനിനിസ്റ്റ്) യും ഇപ്പോള്‍ എല്‍ഡിഎഫിലുണ്ട്. ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാലും എല്ലാകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാകില്ല. ഒറ്റ അംഗങ്ങളുള്ള കക്ഷികളെ ഇത് ബോദ്ധ്യപ്പെടുത്തും. ഈ തീരുമാനം നടപ്പാക്കിയാല്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ വഹിച്ചിരുന്ന തുറമുഖ, പുരാവസ്തു വകുപ്പുകള്‍ ഒഴിവുവരും.

വകുപ്പുകളില്‍ ചില വെച്ചുമാറല്‍ വേണമെന്ന അഭിപ്രായം സി.പി.എം. നേതാക്കള്‍ക്കിടയിലുണ്ട്. ഏതെങ്കിലും പാര്‍ട്ടിയുടെകാര്യങ്ങളില്‍ അധീശത്വ മനോഭാവം കാണിക്കുന്നതിന് പകരം ചില വകുപ്പുകളില്‍ പുതുമയോടെ ഇടപെടാനുള്ള രാഷ്ട്രീയ ക്രമീകരണമെന്ന നിലയിലാണ് മാറ്റം. ഒരു പാര്‍ട്ടിക്ക് പതിവായി ഒരു വകുപ്പ് നല്‍കുന്ന രീതി മാറ്റി പുതിയവ​രെ പരീക്ഷിച്ചേക്കും. മുമ്പ് എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ ജോസഫ് ഗ്രൂപ്പ് വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫ് വിട്ടതോടെ അത് മാറി

Top