മുംബൈ:ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേനയുടെ വാര്‍ഷിക ദസറ റാലി. പശുക്കളെക്കുറിച്ചല്ല, വിലക്കകയറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കേണ്ടതെന്ന് ഉദ്ധവ് താക്കറെ. ദാദ്രി കൊലപാതകം രാജ്യത്തിന് അപമാനമായി. ബിജെപി എന്നാണ് രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന് പരിഹസിച്ച ഉദ്ദവ്, സഖ്യം ഉപേക്ഷിക്കില്ലെന്നും വിമര്‍ശനം തുടരുമെന്നും പ്രഖ്യാപിച്ചു. ബാല്‍താക്കറയെ അടക്കം ചെയ്ത ശിവജി പാര്‍ക്കില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയുള്ള മുദ്രാവാക്യങ്ങളോടെയാണ് ശിവസേനയുടെ വാര്‍ഷിക ദസറാ റാലി തുടങ്ങിയത്. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രസംഗത്തിലുടനീളം സഖ്യകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ചു. അയോധ്യയില്‍ ബിജെപി എന്നാണ് രാമക്ഷേത്രം പണിയുന്നതെന്നു ചോദിച്ച ഉദ്ദവ് പശുക്കളെക്കുറിച്ചല്ല ,വിലക്കയറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കേണ്ടതെന്നും പറഞ്ഞു. ദാദ്രിയിലെ കൊലപാതകം രാജ്യത്തിന് അപമാനമായി. കേന്ദ്ര മന്ത്രി വികെ സിങ്ങ് ദളിതരെ പട്ടികളോടുപമിച്ചത് ശരിയായില്ല.
തങ്ങൾ ഇപ്പോഴും പഴയതുപോലെ കടുവകൾ തന്നെയാണെങ്കിലും കൂടെയുള്ളവർ ആട്ടിൻ കുട്ടികളായി മാറിയതായും താക്കറെ ബിജെപിയെ പരിഹസിച്ചു. തങ്ങൾ ഇപ്പോഴും കടുവകളായി തുടരുന്നതിൽ ബാൽ സാഹിബ് (ബാൽ താക്കറെ) അഭിമാനിക്കുന്നുണ്ടാകുമെന്നും താക്കറെ അഭിപ്രായപ്പെട്ടു.
രാമമന്ദിർ വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. രാമമന്ദിറിനെക്കുറിച്ച് തുടർച്ചയായി സംസാരിക്കുന്നതല്ലാതെ അതെന്നത്തേക്ക് പണിയുമെന്നതിനെക്കുറിച്ച് അവർക്കൊരു ധാരണയുമില്ലെന്നും താക്കറെ പറഞ്ഞു.
സുധീന്ദ്ര കുൽക്കർണിക്കെതിരെ നടത്തിയ കരിമഷിയഭിഷേകത്തെയും മുംബൈയിൽ ഗസൽ ഗായകൻ ഗുലാം അലി നടത്താനിരുന്ന സംഗീത കച്ചേരി തടഞ്ഞ നടപടിയേയും ശിവസേനാ നേതാവ് റാലിയിൽ ന്യായീകരിച്ചു.
സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് കഴിമഷിയൊഴിച്ച സംഭവമല്ല, മറിച്ച്, ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവമാണ് രാജ്യത്തിന്റെ യശസിന് കളങ്കം ചാർത്തിയതെന്നും താക്കറെ ചൂണ്ടിക്കാട്ടി.