മുംബൈ: മഹാരാഷ്ട്രയിൽ എംഎൽഎമാരെ അണിനിരത്തി ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളുടെ ശക്തിപ്രകടനം. ‘ലോങ് ലിവ് മഹാവികാസ് അഘാഡി’ മുദ്രാവാക്യം വിളികളോടെയാണ് എംഎല്‍എമാർ ഹോട്ടലിലെത്തിയത്.ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾക്ക് ഒരു തരത്തിലുള്ള ഉത്തരവുകളും നൽകാൻ കഴിയില്ല. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ ഞാൻ 162ലധികം എംഎൽഎമാരെ കൊണ്ടുവരും. ഇത് ഗോവല്ല, മഹാരാഷ്ട്രയാണെന്നും പവാർ പറയുന്നു.
ശരദ് പവാർ, ഉദ്ധവ് താക്കറെ, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിയോടു നീതി പുലർത്തുമെന്ന് എംഎൽഎമാർ പ്രതിജ്ഞ ചെയ്തു. ഒരു പ്രലോഭനങ്ങളിലും വീഴില്ല. ബിജെപിക്കു ഗുണകരമാകുന്നതൊന്നും ചെയ്യില്ല– എംഎൽഎമാർ പ്രതിജ്ഞയെടുത്തു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ എംഎൽഎമാരോടു സംസാരിച്ചു. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കുശേഷമാണ് ശിവസേന, എന്‍സിപി, കോൺഗ്രസ് കക്ഷികളുടെ എംഎൽഎമാർ അണിനിരന്നത്.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനെതിരെയുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി ചൊവ്വാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുക. ദേവേന്ദ്ര ഫട്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുന്നതിനൊപ്പം ശിവസേനയുൾപ്പെട്ട ത്രികക്ഷികൾക്ക് പരസ്യമായി ഭൂരിപക്ഷം തെളിയിച്ചാൽ സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിക്കാമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30നാണ് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കുക.
ശിവസേന-എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെട്ട മഹാ വികാസ് അഖാഡക്ക് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് എൻസിപി എംഎൽഎ ധനഞ്ജയ് മുണ്ടെ അറിയിച്ചിരുന്നു. ഇവരാണ് മുംബൈയിലെ ഹോട്ടലിൽ അണിനിരന്ന് ബിജെപിക്കനുകുലമായ ഒരു നീക്കവും നടത്തില്ലെന്ന് പ്രതിജ്ഞ ചെയ്തത്. ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് ശരദ് പവാറിന്റെയും സോണിയാ ഗാന്ധിയുടേയും ഉദ്ധവ് താക്കറെയുടേയും നേതൃത്വത്തിലാണ്. ഞാനെന്റെ പാർട്ടിയോട് സത്യസന്ധതയുള്ളവരായിരിക്കും. ഞാൻ ഒന്നിലും പ്രലോഭിപ്പിക്കപ്പെടുകയില്ല. ബിജെപിക്ക് ഗുണമുണ്ടാകുന്ന ഒരു കാര്യവും ചെയ്യില്ലെന്നുമാണ് പ്രതിജ്ഞ. എൻസിപി നേതാവ് ശരദ് പവാറിന് പുറമേ കോൺഗ്രസ് നേതാക്കളായ അശോക് ചവാൻ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരും യോഗത്തിനെത്തിയിരുന്നു.
ഇത്തരം പരേഡുകളിലൂടെയല്ല നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതല്ലെന്നാണ് ബിജെപി എംഎൽഎ ആഷിഷ് ഷെലാർ പ്രതികരിച്ചത്. എൻസിപിയിൽ നിന്ന് മറുകണ്ടം ചാടിയ അജിത് പവാറും ദേവേന്ദ്ര ഫട്നാവിസും ചേർന്നാണ് ശനിയാഴ്ച പുലർച്ചെ നാടകീയ നീക്കത്തോടെ സത്യപ്രതിജ്ഞ ചെയ്തത്. ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനാണ് ലഭിച്ചത്. മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യം അധികാരത്തിലേറുന്നതിനുള്ള അവസാന വട്ട ചർച്ചകൾ നടത്തുന്നിതിടെയാണ് ബിജെപിയുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കം.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, എൻസിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുളെ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഹോട്ടലിൽ ഒരുമിച്ചത്. മഹാരാഷ്ട്രയിൽ എല്ലാവരും ഒന്നാണെന്നും ഒരുമിച്ചാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ശിവസേന, എൻസിപി, കോണ്‍ഗ്രസ് കക്ഷികളിലെ 162 എംഎൽഎമാരെയും ഒരുമിച്ചു കാണാമെന്നും മഹാരാഷ്ട്ര ഗവർണർക്കു നേരിട്ടുവന്ന് എല്ലാം കാണാമെന്നും സഞ്ജയ് റാവുത്ത് പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാർ യോഗത്തിനെത്തിയില്ല.