ബി.ജെ.പിക്ക് കനത്ത തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി.വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് ആവർത്തിച്ച് ബിജെപി

ദില്ലി: മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടി !!മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്ത്വത്തില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. സംസ്ഥാനത്ത് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്താനും കോടതി ആവശ്യപ്പെട്ടു. അട്ടിമറി നീക്കത്തിലൂടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും ബി.ജെ.പിക്കും തിരിച്ചടിയായിരിക്കുകയാണ് വിധി. രഹസ്യബാലറ്റ് പാടില്ലെന്നും നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ 14 ദിവസം നല്‍കിയെന്നാണ് ബിജെപിയുടെ വാദം. എന്നാൽ കൂടുതൽ സമയം വേണം എന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തളളി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്നും ശേഷം വിശ്വാസ വോട്ട് തേടണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല വിധി. ബിജെപി നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിധിയെ കുറിച്ച് പ്രതികരിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും കേസിൽ വാദം കേട്ടതിന് ശേഷമാണ് സുപ്രീം കോടതി ഇന്ന് മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പിൽ വിധി പറഞ്ഞിരിക്കുന്നത്.

162 എംഎല്‍എമാരുടെ പരേഡ് മുംബൈയിലെ ഹോട്ടല്‍ ഹയാത്തില്‍ നടത്തി ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ശക്തി തെളിയിച്ചതിന് പിന്നാലെയാണ് ത്രികക്ഷികള്‍ക്ക് ആശ്വാസം പകരുന്ന വിധി സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കോടതി വിധിക്ക് പിന്നാലെ സോണിയാ ഗാന്ധി അടക്കമുളള നേതാക്കള്‍ പ്രകടിപ്പിച്ച് കഴിഞ്ഞു.

കഴിഞ്ഞ ദിവസം ത്രികക്ഷി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ സന്ദര്‍ശിച്ച് എംഎല്‍എമാരുടെ പിന്തുണക്കത്ത് സമര്‍പ്പിച്ചിരുന്നു. അതിനിടെ ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ എന്‍സിപിയില്‍ നിന്ന് ബിജെപി പക്ഷത്തേക്ക് എത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 14 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണം എന്നാവശ്യപ്പെട്ട് ത്രികക്ഷി സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബിജെപി സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കുന്നത് കുതിരക്കച്ചവടത്തിന് വഴി വെക്കും എന്നാണ് ത്രികക്ഷി സഖ്യം വാദിച്ചത്.

ജനാധിപത്യം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ത്രികക്ഷി സഖ്യം ആവശ്യപ്പെട്ടിരുന്നു. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്നതടക്കമുളള ത്രികക്ഷി സഖ്യത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ആരായിരിക്കണം പ്രോടെം സ്പീക്കര്‍ എന്നത് സംബന്ധിച്ച് സുപ്രീം കോടതി പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ല.

സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം ആയിരിക്കണം പ്രോടെം സ്പീക്കര്‍ എന്നാണ് ത്രികക്ഷി സഖ്യം ആവശ്യപ്പെട്ടിരുന്നത്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ തന്നെ മഹാരാഷ്ട്ര നിയമസഭ വിളിച്ച് ചേര്‍ക്കുകയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി അടിയന്തിരമായി പ്രോടെം സ്പീക്കറെ തിരഞ്ഞെടുക്കുകയും വേണം.

ദേവേന്ദ്ര ഫട്‌നാവിസ്, അജിത് പവാര്‍, മഹാരാഷ്ട്ര ഗവര്‍ണര്‍ എന്നിവരുടെ ആവശ്യങ്ങള്‍ നിരസിച്ച് കൊണ്ടാണ് ത്രികക്ഷി സഖ്യത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. 14 ദിവസത്തെ സമയം അനുവദിച്ച ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നും വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് എന്നും ബിജെപി വാദിച്ചിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല.

അര്‍ധാരാത്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയി ബിജെപിക്ക് വന്‍ വെല്ലുവിളിയായിരിക്കുകയാണ് സുപ്രീം കോടതി ഉത്തരവ്. ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയാണുളളത്. 20 സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. അതേസമയം എന്‍സിപിയില്‍ നിന്ന് അജിത് പവാറിനൊപ്പം എത്തിയ മുഴുവന്‍ എംഎല്‍എമാരും മടങ്ങിപ്പോയിക്കഴിഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കും എന്നാണ് വിധിക്ക് ശേഷമുളള ബിജെപിയുടെ പ്രതികരണം.

Supreme Court orders floor test in Maharashtra assembly tomorrow to prove majority support.The Supreme Court today ordered for a floor test to be conducted in the Maharashtra Assembly on November 27.The court said the floor test will be conducted by the protem speaker after the members take oath by 5pm tomorrow.Meanwhile, The Shiv Sena today said it plans to move the Supreme Court against the closure of irrigation scam cases, saying the Devendra Fadnavis government could not take major policy decisions till the floor test was conducted. The verdict comes days after BJP leader Devendra Fadnavis took oath as the state’s chief minister nixing Shiv Sena-Congress-NCP’s bid to form the government.

Top