സ്ത്രീ സുരക്ഷയെകുറിച്ച് വാചകമടിച്ച ഡിജിപി സെന്‍കുമാറിന് പൊങ്കാല; ജിഷയുടെ അമ്മയുടെ പരാതിമുക്കിയവരെവിടെ സാറെ….

കോഴിക്കോട്: സ്ത്രീസുരക്ഷയെ കുറിച്ചുള്ള ഉപദേശവുമായി ഫേയ്‌സ് ബുക്കിലെത്തിയ ഡിജിപി സെന്‍കുമാറിന് കമന്റ് ബോക്‌സില്‍ പരിഹാസം. നൂറ് കണക്കിന് പോരാണ് പോലീസിന്റെ വാചകമടികളെ പരിഹസിച്ച് അഭിപ്രായം കുറിച്ചത്. ഇതോടെ ഡിജിപി പ്രതിരോധത്തിലായി.
പെരുമ്പാവൂരിലെ ദലിത് വിദ്യാര്‍ത്ഥിയുടെ കൊലയാളിയെ കണ്ടെത്താന്‍ കഴിയാത്ത പോലീസിനെതിരെയും ജിഷയുടെ അമ്മ പരാതി നല്‍കിയട്ട് നടപടി സ്വീകരിക്കാത്തതിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഡിജിപിയുടെ ഫേയ്‌സ് ബുക്കില്‍ ഉയര്‍ന്നത്.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയാതിരിക്കേ, പോലീസ് നടപ്പാക്കിയ സ്ത്രീസുരക്ഷാപദ്ധതികളെക്കുറിച്ചുള്ള ഡി.ജി.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു രൂക്ഷവിമര്‍ശനം. ഔദ്യോഗിക ഫേസ്ബുക് പേജായ സ്‌റ്റേറ്റ് പോലീസ് ചീഫ് കേരളയിലാണു ‘സ്ത്രീസുരക്ഷയ്ക്കു നിരവധി പരിപാടികള്‍’ എന്ന തലക്കെട്ടില്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ അവകാശവാദങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് ആറിനു പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ചു പോലീസിന്റെ നിഷ്‌ക്രിയത്വം തുറന്നുകാട്ടുന്ന നൂറുകണക്കിനു കമന്റുകള്‍ ഡി.ജി.പിക്കു നേരിടേണ്ടിവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ വധക്കേസിന്റെ പേരിലാണു വിമര്‍ശനങ്ങളിലേറെയും. സ്ത്രീകളുടെ മൊബൈലിലേക്കു നിരന്തരം വിളിച്ച് അശ്ലീലം പറയുന്നയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണൊരു കമന്റ്. സൈബര്‍ സെല്ലിനും വനിതാ സെല്ലിനും പരാതി നല്‍കി 15 ദിവസമായിട്ടും നടപടിയെടുത്തില്ലെന്നു വ്യക്തമാക്കിയാണു മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തിയത്. ‘ജിഷയുടെ അമ്മ എത്രയോതവണ പോലീസില്‍ പരാതി നല്‍കി. എന്നിട്ടു താങ്കളുടെ പോലീസ് ചെറുവിരലനക്കിയോ? പിന്നെ, ആരെ ബോധിപ്പിക്കാനാണു സര്‍, ഈ പദ്ധതി വിളംബരം’ എന്നു മറ്റൊരു കമന്റ്. പദ്ധതി വിളംബര പോസ്റ്റര്‍ വീടിന്റെ ചുവരിലൊട്ടിച്ചാല്‍ സ്ത്രീകള്‍ സുരക്ഷിതരാകില്ലെന്നും ചിലര്‍ പരിഹസിച്ചു. ‘വഴിമാറിക്കൊടുക്കൂ…ഇനി കഴിവുള്ളവര്‍ ക്രമസമാധാനപാലനം ഏറ്റെടുക്കട്ടെ’ എന്നു സ്വരം കടുപ്പിച്ചവരുമുണ്ട്.

പൊതുജനസഹകരണത്തോടെയേ സ്ത്രീസുരക്ഷ പൂര്‍ണമായി നടപ്പാക്കാന്‍ കഴിയൂവെന്നാണു ഡി.ജി.പിയുടെ പക്ഷം. സംസ്ഥാനത്തു രണ്ടുലക്ഷത്തിലേറെ സ്ത്രീകള്‍ക്കു സ്വയംപ്രതിരോധപരിശീലനം നല്‍കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 19 പോലീസ് ജില്ലകളില്‍ പരിശീലനം നല്‍കാന്‍ 1.67 കോടി രൂപ പദ്ധതി ഫണ്ട് വകയിരുത്തി. 2015 ജൂലൈ മുതലാണു പദ്ധതി നടപ്പാക്കിയത്.

എണ്ണൂറോളം വനിതാ പോലീസുകാരും കുടുംബശ്രീ പ്രവര്‍ത്തകരായ നാനൂറിലേറെ വനിതകളുമുള്‍പ്പെടെ 1200 പേരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീലിപ്പിച്ച് അവര്‍ മുഖേനയാണു സ്‌കൂളുകള്‍, കോളജുകള്‍, ഓഫീസുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചു പരിശീലനം നല്‍കിവരുന്നത്. പദ്ധതി നടപ്പാക്കിയ വര്‍ഷം മാത്രം 22,019 പരാതികള്‍ വനിതാ സെല്ലില്‍ ലഭിച്ചു. ഇതില്‍ 21,825 എണ്ണം തീര്‍പ്പാക്കിയെന്നും പ്രതിമാസം ഏകദേശം 2000 പരാതികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നുവെന്നും ഡി.ജി.പി. അവകാശപ്പെട്ടു.

എല്ലാ ജില്ലയിലും സി.പി.ഒ. മുതല്‍ ഡിവൈ.എസ്.പി. തലം വരെ ജന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ക്ലാസുകള്‍ നടത്തി. പോലീസ് സഹായം ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ബോധവത്കരണ പരസ്യങ്ങള്‍ എന്നിവ പ്രചരിപ്പിച്ചു. ഷീ ഓട്ടോ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വനിതാ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും സ്ത്രീകള്‍ക്കു സഹായത്തിനായി വിളിക്കാവുന്ന 1091 എന്ന ഹെല്‍പ്‌ലൈന്‍ നമ്പര്‍ എല്ലാ ജില്ലയിലുമുണ്ട്. സുസജ്ജമായ ജില്ലാ വനിതാ സെല്ലുകള്‍ പരാതി പരിഹാരത്തിനു പുറമേ ബോധവത്കരണം, കൗണ്‍സലിങ് തുടങ്ങി നിരവധി പരിപാടികള്‍ നടപ്പാക്കുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഷാഡോ പോലീസിനു പുറമേ ക്രൈം സ്‌റ്റോപ്പര്‍ (1090), റെയില്‍ അലെര്‍ട്ട് (9846 200100), എസ്.എം.എസ്. അലെര്‍ട്ട് (9497900000) പോലീസ് ഹെല്‍പ് ലൈന്‍ (0471 3243000) തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രി പദ്ധതികള്‍ വഴിയും സ്ത്രീസുരക്ഷയ്ക്കായി നിരവധി പരിപാടികള്‍ നടപ്പാക്കുന്നു.

പാലക്കാട് ജില്ലയിലെ ഉറവ, കാസര്‍ഗോഡ് ജില്ലയിലെ പൊന്‍പുലരി പദ്ധതികളും ഹോമിയോപ്പതി വകുപ്പുമായി ചേര്‍ന്നു കോട്ടയത്തു നടപ്പാക്കിയ ലഹരിവിരുദ്ധ പരിപാടിയും ഉദാഹരണങ്ങളാണ്. ഇത്ര വിപുലമായ സംവിധാനങ്ങളും പദ്ധതികളും മറ്റു സംസ്ഥാനങ്ങളിലുണ്ടോയെന്നു സംശയമാണെന്നും ഡി.ജി.പി. അഭിപ്രായപ്പെടുന്നു.
അടുത്ത വീട്ടില്‍ ബഹളമോ കരച്ചിലോ കേള്‍ക്കുമ്പോള്‍ അന്വേഷിക്കാനുള്ള മനസ്, പൊതുസ്ഥലത്ത് ആരെങ്കിലും ആക്രമിക്കപ്പെടുന്നതു കണ്ടാല്‍ ഇടപെടാനുള്ള സന്നദ്ധത, സ്വാര്‍ത്ഥത കുറച്ച് മറ്റുളളവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കണമെന്ന തോന്നല്‍, എല്ലാവരും സ്വാര്‍ത്ഥരായിരിക്കുന്ന സമൂഹത്തിന് ആരെയും സംരക്ഷിക്കാനാകില്ലെന്ന ബോധം, പരസ്പരസഹായം സമൂഹസുരക്ഷയ്ക്കു പ്രധാനമാണെന്ന തിരിച്ചറിവ് ഇവയൊക്കെയുണ്ടെങ്കിലേ സ്ത്രീസുരക്ഷ ഉറപ്പാകൂവെന്നു ചൂണ്ടിക്കാട്ടിയാണു ഡി.ജി.പിയുടെ കുറിപ്പവസാനിക്കുന്നത്.

Top