എല്ലാ പോലീസ് സ്റ്റേഷനും ഒരേ കമ്പനിയുടെ പെയിന്റടിക്കാന്‍ ബെഹറയുടെ നിര്‍ദ്ദേശം സെന്‍കുമാര്‍ റദ്ദാക്കി; മുന്‍ഡിജിപിയുടെ അഴിമതി കയ്യോടെ പൊക്കിയോ ? പോലീസ് ആസ്ഥാനത്ത് കലാപം

തിരുവനന്തപുരം: പുതിയ ഡിജിപിയായി വീണ്ടും സെന്‍കുമാര്‍ എത്തിയതോടെ പോലീസ് ആസ്ഥാനത്ത് കടുത്ത ഭിനത്തയെന്ന് റിപ്പോര്‍ട്ടുകള്‍. പോലീസ് നിയന്ത്രണം കുത്തഴിഞ്ഞ രീതിയിലേയ്ക്ക് സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ചേരിപോരിപോരിലേയ്ക്ക് നീങ്ങിയതോടെ സര്‍ക്കാരും കടുത്ത പ്രതിരോധത്തിലാണ്. സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടനില്ലെന്ന് സെന്‍കുമാര്‍ പ്രഖ്യാപിച്ചെങ്കിലും പോലീസില്‍ ശക്തമായി പിടിമുറിക്കാനാണ് സെന്‍കുമാറിന്റെ നീക്കം. ഇതാണ് ചേരിപ്പോരിലേക്ക് എത്തിയിരിക്കുന്നത്.

എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ട് സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ സെന്‍കുമാറിന്റെ നീക്കങ്ങള്‍ക്ക് തടയിടുകയാണ്. ഡിജിപിയുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ പോലും ജീവനക്കാര്‍ പാലിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ, പൊലീസ് മേധാവി ഫയലില്‍ ഉത്തരവിട്ടാല്‍ അദ്ദേഹത്തിനു വേണ്ടി ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജിയാണ് ഉത്തരവിറക്കുന്നത്. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജി, ഡിഐജി, ഐജി, എഡിജിപി എന്നിവരെ മാറ്റി സര്‍ക്കാര്‍ തങ്ങളുടെ വിശ്വസ്തരെ നിയമിച്ചിരുന്നു. എന്നാല്‍, സെന്‍കുമാറിന്റെ ഉത്തരവുകളെല്ലാം പുറത്തിറങ്ങിയ ശേഷമാണ് ഇവരെല്ലാം കണ്ടത്. അദ്ദേഹം നേരിട്ടാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഇത് എഡിജിപി ടോമിന്‍ തച്ചങ്കരിയോടുള്ള വിശ്വാസക്കുറവായി വിലയിരുത്തുന്നുണ്ട്. അടുത്ത രണ്ട് മാസവും ഈ രീതിയില്‍ പൊലീസ് ആസ്ഥാനത്തെ ഭരണം കൊണ്ടു പോകാനാണ് സെന്‍കുമാറിന്റെ തീരുമാനം.

പൊലീസ് മേധാവി ആയിരിക്കെ ലോക്നാഥ് ബെഹ്റ ഇറക്കിയ ചില ഉത്തരവുകള്‍ സെന്‍കുമാര്‍ റദ്ദാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. സെന്‍കുമാര്‍ വരുന്നതിനു തൊട്ടുമുന്‍പാണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നു ബെഹ്റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും ഇതില്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് ആസ്ഥാനത്തെ അഡീഷനല്‍ എഐജി ഹരിശങ്കറിനെയാണു ചുമതലപ്പെടുത്തിയത്. ഈ തീരുമാനത്തില്‍ അഴിമതിയുണ്ടെന്ന സൂചനയോടെയാണ് സെന്‍കുമാറിന്റെ നടപടികള്‍. ഹരിശങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ബെഹ്റയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സെന്‍കുമാര്‍ ശുപാര്‍ശ ചെയ്യും. നിലവില്‍ വിജിലന്‍സ് ഡിജിപിയായ ബെഹ്റയെ കുടുക്കാനാണ് ഇതെന്നാണ് സൂചന.

ഇതിന് പുറമേ പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റി പകരക്കാരനെ നിയമിക്കാന്‍ രണ്ടു മണിക്കൂറിനിടെ രണ്ട് ഉത്തരവുമിറക്കി. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ തൊട്ടുപിന്നാലെ മാറ്റി. ഇവിടെയുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം പോലും ലഭ്യമല്ല. സെന്‍കുമാര്‍ സേനയ്ക്കു പുറത്തുനില്‍ക്കുമ്പോള്‍ പുറ്റിങ്ങല്‍, ജിഷ കേസ് എന്നിവ സംബന്ധിച്ച ചില രേഖകള്‍ ആരോ വിവരാവകാശ പ്രകാരം ചോദിച്ചെന്നും അതു നല്‍കാത്തതിന്റെ പേരിലാണു മാറ്റമെന്നും ജീവനക്കാരില്‍ ഒരു വിഭാഗം ആരോപിക്കുന്നു. ഇവരെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു മാറ്റിയത്. പകരം, എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്.സജീവ് ചന്ദ്രനെ നിയമിച്ചു വൈകിട്ട് ഉത്തരവിറക്കി.
എന്നാല്‍, അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നു പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ പുതിയ ഉത്തരവിറക്കി. ജീവനക്കാരന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമിതിച്ചത് പൊലീസ് ആസ്ഥാനത്തെ ഭിന്നതയുടെ തെളിവാണ്.

എട്ടു മാസം മുന്‍പ്, അച്ചടക്ക നടപടിയുടെ ഭാഗമായി ഐജി സുരേഷ്രാജ് പുരോഹിത് പൊലീസ് ആസ്ഥാനത്തു നിന്ന് എസ്എപിയിലേക്കു മാറ്റിയ ഉദ്യോഗസ്ഥനാണു സുരേഷ്‌കൃഷ്ണ. ചില രഹസ്യ ഫയലുകളുടെ പകര്‍പ്പ് എടുത്തതിനെ തുടര്‍ന്നാണ് അന്നു മാറ്റിയതെന്നു വിവരമുണ്ട്. സെന്‍കുമാറിന്റെ വിശ്വസ്തനാണ് ഇയാളെന്ന ആരോപണമാണ് പൊലീസിലെ സെന്‍കുമാര്‍ വിരുദ്ധര്‍ ആരോപിക്കുന്നത്.
പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും സെന്‍കുമാര്‍ ഉത്തരവിട്ടു. ഇയാള്‍ ഓഡിറ്റിങ്ങില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ബെഹ്റ വെറും അന്വേഷണമാണ് ഉത്തരവിട്ടിരുന്നത്. ഭരണകക്ഷി എംഎല്‍എയെ ഒരാള്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കി. ആ ഫയല്‍ മാസങ്ങളായി പൊലീസ് ആസ്ഥാനത്തു തീരുമാനമാകാതെ ഇരിക്കുകയായിരുന്നു. 14 വര്‍ഷത്തോളം സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന ഒരു കോണ്‍സ്റ്റബിളിനെ ബെഹ്റ ഈയിടെ അവിടെ നിന്നു മാറ്റിയ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കി. ഇതിനു പിന്നാലെ ബെഹറയുടെ നിരവധി ഉത്തരുവുകള്‍ സെന്‍കുമാര്‍ റദ്ദിക്കിയട്ടുണ്ട്.

Top