തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലങ്കില്‍ സെന്‍കുമാര്‍ നിയമ നടപടി സ്വീകരിക്കും.തന്നെ മാറ്റുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയ മൂന്ന് റിപ്പോര്‍ട്ടുകളും വ്യാജമാണെന്നും കൃത്രിമം നടന്നെന്നും സുപ്രീം കോടതിക്ക് തന്നെ ബോധ്യപ്പെട്ട സ്ഥിതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അതല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
വിവരാവകാശ പ്രകാരം ഈ റിപ്പോര്‍ട്ടുകളുടെ കോപ്പി ലഭ്യമായത് വൈകിയതിനാലാണ് നളിനി നെറ്റോയെ കേസില്‍ കക്ഷിയാക്കാന്‍ കഴിയാതിരുന്നതെന്നും മറിച്ചായിരുന്നെങ്കില്‍ കീഴ്‌ക്കോടതികളില്‍ നിന്നു തന്നെ ഒരു പക്ഷെ സെന്‍കുമാറിന് നീതി ലഭിക്കുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു.തന്റെ 36 വര്‍ഷത്തെ സര്‍വീസില്‍ മോശക്കാരനാക്കി ചിത്രീകരിച്ച് പുറത്താക്കിയ നടപടി ഒരു കാരണവശാലും ക്ഷമിക്കില്ലന്ന വാശിയിലാണ് സെന്‍കുമാര്‍.പൊലീസ് മേധാവിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കാതെ നീട്ടികൊണ്ടു പോയാല്‍ കോര്‍ട്ടലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
സര്‍വ്വീസില്‍ നിന്നും ജൂണില്‍ വിരമിക്കാനിരിക്കെ ഇനിയും സെന്‍കുമാറിന് നിയമനം നല്‍കാതെ റിവിഷന്‍ ഹര്‍ജിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാറിന്റെ നീക്കമെങ്കില്‍ വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന് നിയമനം നല്‍കണമെന്ന അഭിപ്രായമാണ് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനുമുള്ളത്. ഇടതിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐയ്ക്കും ഇതേ നിലപാടാണുള്ളത്.സെന്‍കുമാറാകട്ടെ ഇടതുപക്ഷത്തേയോ, സര്‍ക്കാറിനെയോ കുറ്റപ്പെടുത്താതെ മുന്‍ ആഭ്യന്തര സെക്രട്ടറിക്കുമേലാണ് പ്രധാനമായും കുറ്റം ആരോപിക്കുന്നത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എസ് എം വിജയാനന്ദിനെ ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന് ചീഫ് സെക്രട്ടറിയാക്കിയതില്‍ അന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിന് പങ്കുണ്ട് എന്നതിനാല്‍ ആ സ്ഥാനത്ത് വരേണ്ടിയിരുന്ന നളിനി നെറ്റോ പിന്നീട് പക വീട്ടുകയായിരുന്നുവെന്നാണ് ആക്ഷപം.
ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോ അവസരം മുതലെടുത്ത് തനിക്കെതിരെ നീങ്ങുകയായിരുന്നുവെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നത്.ഇത്തരത്തില്‍ ഫയലില്‍ കൃത്രിമം കാണിച്ചതും തെറ്റായ റിപ്പോര്‍ട്ട് ചേര്‍ത്തതും ഇടതു സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് താന്‍ കരുതുന്നില്ലന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
സെന്‍കുമാറിനെ മാറ്റിയതിന് ആധാരമായ രേഖകള്‍ ഹാജരാക്കാന്‍ മാര്‍ച്ച് 30ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലെ കള്ളത്തരം പുറത്തായിരുന്നത്.പുറ്റിങ്ങല്‍ വെടിക്കെട്ടും ജിഷ വധ കേസുമല്ല, ഈ കേസുകളുടെ തുടര്‍ നടപടികളിലുണ്ടായ പിഴവുകളാണ് സെന്‍കുമാറിനെ മാറ്റാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീം കോടതി ആ വാദങ്ങള്‍ തള്ളിയാണ് സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.സുപ്രീം കോടതി ഉത്തരവിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ നിയമ നടപടിക്കൊരുങ്ങിയാല്‍ സംസ്ഥാന ചീഫ് സെക്രട്ടറി കുരുക്കിലാകാനാണ് സാധ്യത