സംശയത്തിന്റെ ആനുകൂല്യം ഭരണകൂടത്തിനല്ല, പൗരനാണ് ; അയാളോടായിരിക്കും ചായ്‌വും’; സെന്‍കുമാറിന് അനുകൂലമായ കോടതിവിധി ഇഷ്ടമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തൂത്തെറിയും മുന്‍പു രണ്ടു വട്ടം ചിന്തിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കും

കൊച്ചി :സംശയത്തിന്റെ ആനുകൂല്യം ഭരണകൂടത്തിനല്ല, പൗരനാണ് ; അയാളോടായിരിക്കും ചായ്‌വും’; സെന്‍കുമാറിന് അനുകൂലമായ കോടതിവിധി ഇഷ്ടമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തൂത്തെറിയും മുന്‍പു രണ്ടു വട്ടം ചിന്തിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതിയുടെ ഇന്നലത്തെ വിധിന്യായമെന്ന് അഡ്വ. ഹാരിസ് ബീരാന്‍. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഉയര്‍ത്തുന്ന വിധിയാണ് സെന്‍കുമാര്‍ കേസില്‍ ഉണ്ടായതെന്നും അദ്ദേഹത്തിനുവേണ്ടി കോടതിയില്‍ ഹാജരായ സുപ്രീംകോടതി അഭിഭാഷകരില്‍ ഒരാളായ അഡ്വ. ഹാരീസ് ബീരാന്‍. മലയാള മനോരമ ദിനപത്രത്തില്‍ എഡിറ്റ് പേജിലെഴുതിയ പൊലീസിന്റെ സ്വാതന്ത്ര്യദിനം എന്ന ലേഖനത്തിലാണ് ഹാരിസ് ബീരാന്‍ കോടതിവിധിയെക്കുറിച്ച് നടപടികളെക്കുറിച്ചും വിശദീകരിക്കുന്നത്.
ലേഖനത്തിന്റെ പൂര്‍ണരൂപം
ടി.പി.സെന്‍കുമാറിന് അനുകൂലമായ വിധിയിലൂടെ, പൊലീസ് സേനയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണു സുപ്രീം കോടതി. രണ്ടു വര്‍ഷം പൂര്‍ത്തിയാകും മുന്‍പു കേരളത്തിലെ പൊലീസ് മേധാവിയെ മാറ്റിയതു നിയമപരമായി നിലനില്‍ക്കുമോയെന്ന ചോദ്യത്തിന് ‘ഇല്ല’ എന്നുതന്നെ കോടതി അസന്നിഗ്ധമായി മറുപടി നല്‍കുന്നു. ‘ഒരു പൊലീസ് ഓഫിസറും കളിക്കളത്തിലെ കാലാളല്ലെ’ന്നും നീതിപീഠം വ്യക്തമാക്കുന്നു. സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കൂട്ടിലടച്ച തത്തയെന്നു സുപ്രീം കോടതി വിശേഷിപ്പിച്ചിട്ട് അധികമായില്ല. സെന്‍കുമാര്‍ കേസിലെ വിധിയിലൂടെ, പൊലീസിന്റെ കാര്യത്തില്‍, കൂട്ടിലടച്ച തത്തയെ തുറന്നുവിടുകയാണു കോടതി.1861ല്‍ കൊളോണിയല്‍ കാലത്താണു പൊലീസ് ആക്ട് ഉണ്ടാവുന്നത്.

 

1977ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പൊലീസ് കമ്മിഷന്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്തു. അതിനുശേഷം രാഷ്ട്രീയ സ്വാധീനത്തില്‍ നിന്നു പൊലീസിനെ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഡസന്‍ റിപ്പോര്‍ട്ടുകളെങ്കിലുമുണ്ടായി; നടപടികളൊന്നുമുണ്ടായില്ലെങ്കിലും. ഏതു നടപടിയെ ന്യായീകരിക്കാനും സര്‍ക്കാരുകള്‍ ‘വിശേഷാധികാര’ത്തിന്റെ കുട പിടിക്കുകയാണു പതിവ്. ഈ ഉത്തരവിലൂടെ, നിയമവാഴ്ച നിലനില്‍ക്കുന്ന സമൂഹത്തില്‍ സവിശേഷാധികാരത്തിനു പ്രസക്തിയില്ലെന്നു കോടതി വ്യക്തമാക്കുന്നു; നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്നും. വിവേചനാധികാരവും വിശേഷാധികാരവും പ്രയോഗിക്കാതെ സേവനം ചെയ്യാനാണു നല്ല ഓഫിസര്‍മാര്‍ താല്‍പര്യപ്പെടുക. എന്നാല്‍, രാഷ്ട്രീയ നേതൃത്വത്തിന് ഇതു ദഹിച്ചുകൊള്ളണമെന്നില്ല.
വരുതിക്കു നില്‍ക്കാത്തവരെ കെട്ടുകെട്ടിക്കാനും അവര്‍ മടിക്കാറില്ല. യുപിയിലും അസമിലും ഡിജിപിയായിരുന്ന പ്രകാശ് സിങ്ങാണ് 1996ല്‍ ഈ പ്രവണതയ്‌ക്കെതിരായ പോരാട്ടം തുടങ്ങിവച്ചത്. രാഷ്ട്രീയക്കാരിലും ഭരണരംഗത്തും നിന്നു നേരിടുന്ന ദ്വിമുഖ സമ്മര്‍ദത്തിനു പൊലീസ് വഴങ്ങേണ്ടി വരുന്നുവെന്നാണ് അന്നു കോടതി നിരീക്ഷിച്ചത്. പ്രധാനികള്‍ക്കു വേണ്ടിയും പ്രധാനികളോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കു വേണ്ടിയും നിലപാടുകള്‍ ബലികഴിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകുന്നുവെന്നും.
ഈ പശ്ചാത്തലത്തിലാണു 2006ല്‍ സംസ്ഥാന സുരക്ഷാ കമ്മിഷനുകള്‍ക്കു രൂപം നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്. പൊലീസ് നയരൂപീകരണത്തിലും സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നതിലും നീക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു കമ്മിഷന്റെ ചുമതല. എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നതോദ്യോഗസ്ഥര്‍ക്കു രണ്ടു വര്‍ഷ നിയമനം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡിനും പൊലീസിനെതിരായ പരാതികള്‍ പരിഗണിക്കുന്നതിനു പരാതി കമ്മിഷനും രൂപം നല്‍കാനും കോടതി നിര്‍ദേശിച്ചു. ബാഹ്യസമ്മര്‍ദങ്ങളില്‍ നിന്നു പൊലീസിനെ മുക്തമാക്കുന്നതിനുള്ള നടപടികളായിരുന്നു ഇവ.beeran
ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു 2011ല്‍ കേരള നിയമസഭ കേരള പൊലീസ് ആക്ട് പാസാക്കിയത്. പ്രകാശ് സിങ് കേസില്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്താണു കേരള പൊലീസ് ആക്ട് പാസാക്കിയിരിക്കുന്നതെന്ന ശക്തമായ വിമര്‍ശനവും സെന്‍കുമാര്‍ കേസ് വിധിയില്‍ സുപ്രീം കോടതി ഉന്നയിച്ചിട്ടുണ്ടെന്നതു ശ്രദ്ധേയം. രാഷ്ട്രീയ മേല്‍ക്കോയ്മയില്‍ നിന്നു പൊലീസിനെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ പ്രകാശ് സിങ്ങിന്റെ വഴിയേ സഞ്ചരിക്കുകയാണു സെന്‍കുമാറും. രാഷ്ട്രീയ നേതൃത്വവുമായി യുദ്ധത്തിനു മുതിരാതെ വഴിമാറിക്കൊടുക്കാന്‍ പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയാണ്. സത്യസന്ധനായ വിജിലന്‍സ് മേധാവിയോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതും ഈ സാഹചര്യത്തില്‍ ഓര്‍മിക്കുക.
ഡിജിപി സെന്‍കുമാറിനെ മതിയായ കാരണങ്ങളില്ലാതെ മാറ്റിയതിനെ കടുത്ത ഭാഷയിലാണു കോടതി വിമര്‍ശിക്കുന്നത്. നടപടിക്കു വിശ്വസനീയ കാരണങ്ങളുണ്ടായിരുന്നില്ലെന്നുതന്നെ പരമോന്നത നീതിപീഠം കണ്ടെത്തുന്നു. ഇഷ്ടമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തൂത്തെറിയും മുന്‍പു രണ്ടു വട്ടം ചിന്തിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതാകും, ഈ വിധിന്യായം; സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഉയര്‍ത്തുന്നതും. വിധിന്യായത്തിലെ 94ാം ഖണ്ഡിക ഉദ്ധരിക്കട്ടെ: ‘ഭരണകൂടത്തോടോ പൗരനോടോ ചായ്വ്ക കാട്ടേണ്ടി വരുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ സംശയത്തിന്റെ ആനുകൂല്യം പൗരനു തന്നെ നല്‍കും; ഉറപ്പായും അയാളോടു ചായ് വ്കാട്ടും’.
കടപ്പാട് : മലയാള മനോരമ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top