സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി; ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡിജിപി

ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡിജിപിയായും നിയമിച്ചു. ഉത്തരവ് ദൂതന്‍ മുഖേന സെന്‍കുമാറിന് ഉടന്‍ കൈമാറും.

സെൻകുമാറിനെ സർക്കാർ വീണ്ടും ഡിജിപിയായി നിയമിച്ചു കൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാത്രിയാണ് ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പുവെച്ചത്.  2016 മേയ് 31നാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ നീക്കിയത്. 11 മാസത്തിനുശേഷമാണ് നിയമപോരാട്ടത്തിലൂടെ അതേ തസ്തികയിലേക്ക് അദ്ദേഹം മടങ്ങിവരുന്നത്. ഇക്കൊല്ലം ജൂൺ 30 വരെ കാലാവധിയുണ്ട്.

സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ നീക്കിയത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായ ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തിയത്. വെള്ളിയാഴ്ചതന്നെ നിയമനം നൽകണമെന്ന നിർദേശമാണ് പാർട്ടി നൽകിയത്. വിധി നടപ്പാക്കേണ്ടിവരുമെന്ന് ഉറപ്പായതോടെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി, ഐ.ജി തസ്തികകളിൽ സർക്കാർ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. നൂറോളം ഡിവൈ.എസ്.പിമാരെ വെള്ളിയാഴ്ച മാറ്റിനിയമിക്കുകയും ചെയ്തു. സെൻകുമാറിനെ നിയമിക്കുന്നതിന് മുമ്പുള്ള എല്ലാ തയാറെടുപ്പും സർക്കാർ പൂർത്തിയാക്കുകയും നിയമിക്കേണ്ടിവരുമെന്ന സൂചന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി നൽകുകയും ചെയ്തിരുന്നു. എന്നാൽ, വിധി മാനിക്കാത്ത സർക്കാറിനെ രൂക്ഷമായ ഭാഷയിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി  വിമർശിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സെൻകുമാറിന് നിയമനം നൽകിയത്.

ഏപ്രിൽ 24നാണ് സെൻകുമാറിനെ പൊലീസ് മേധാവിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതി വിധി വന്ന് 13 ദിവസം പിന്നിട്ടിട്ടും സർക്കാർ തീരുമാനം കൈക്കൊണ്ടില്ല. സുപ്രീംകോടതി വിധി മാനിക്കാത്ത സർക്കാർ നിയമോപദേശം തേടുകയും പിന്നീട് പുനഃപരിശോധന ഹരജി സമർപ്പിക്കുകയും ചെയ്തു. ഇത് വെള്ളിയാഴ്ച കോടതി തള്ളിയതോടെ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാതെ സർക്കാറിന് മുന്നിൽ മറ്റ് വഴികളൊന്നുമില്ലാതെയായി.

Top