വിവാദ പരാമര്‍ശങ്ങളിലുറച്ച് സെന്‍കുമാര്‍; കേസെടുക്കണമെന്ന് എം.ഐ ഷാനവാസ് എം.പി

തിരുവനന്തപുരം: ആര്‍എസ്എസിനെ വെള്ളപൂശി മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ലൗജിഹാദ് ഇല്ലെന്നതു പൂര്‍ണമായും ശരിയല്ലെന്ന് അദ്ദേഹം ഇന്നലെ പ്രതികരിച്ചു. കേരളത്തില്‍ ലൗജിഹാദുണ്ട്. കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്നു പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിലാണ്. അപ്രിയസത്യങ്ങള്‍ പറയരുതെന്നാണ് ചിലര്‍ പറയുന്നത്. പറഞ്ഞതെല്ലാം സത്യമാണ്. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. താന്‍ മുസ്‌ലിംവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ ബോധ്യത്തോടെയാണ്. ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമി’സംഘടിപ്പിച്ച പ്രതിഭാസംഗമത്തിനെത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി ആയിരുന്നപ്പോള്‍ ലൗ ജിഹാദിനെക്കുറിച്ച് രണ്ട് കേസുകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി തന്നോടു പറഞ്ഞിരുന്നു. “സ്‌നേഹത്തിലുള്ളയാളെയല്ല പലപ്പോഴും കല്യാണം കഴിക്കുന്നത്. ഇതെന്തുകൊണ്ടെന്നു പറയേണ്ടിവരില്ലേ? ചില കാര്യങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതല്ല. പുറത്തു തൈലം പുരട്ടിയിട്ടു കാര്യമില്ല. അടുത്തിടെ ഐഎസിലേക്ക് പോയ പെണ്‍കുട്ടിയുടെ കേസിലും നിമിഷയുടെ കാര്യത്തിലും എന്താണ് സംഭവിച്ചത്? ഞാന്‍ അസത്യമായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാ സത്യങ്ങളും എപ്പോഴും ഒരുപോലെയാവില്ല. എല്ലാത്തിലും നന്‍മകളും തിന്‍മകളുമുണ്ട്. നന്‍മകളെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെയും ഐഎസിനെയും ഒരുപോലെ കാണാനാവില്ല.

ഐഎസ് പുറത്തും ആര്‍എസ്എസ് രാജ്യത്തിനകത്തുമുള്ള പ്രസ്ഥാനമാണ്. തീവ്രവാദം എന്തുകൊണ്ട് ഉണ്ടാവുന്നുവെന്ന് ചിന്തിക്കണം. എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് അവരവരുടെ മതങ്ങളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവും. സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് ചെയ്യാനാവും. ജന്‍മഭൂമിയുടെ പരിപാടിക്കു വന്നപ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. ആ നെറ്റികള്‍ ചുളിഞ്ഞിരിക്കട്ടെ. ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിക്കും കെ കരുണാകരന്‍ ജന്‍മശതാബ്ദിക്കും പോയിട്ടുണ്ട്. അന്നൊന്നും ആരുമത് ദുഷിച്ചുകണ്ടില്ല. നന്‍മകളെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ജന്‍മഭൂമിയുടെ പരിപാടിക്ക് വന്നത് അതിന്റെ ഭാഗമാണ്. ഞാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ചേരുന്നില്ല. ബിജെപിയിലോ കോണ്‍ഗ്രസ്സിലോ സിപിഎമ്മിലോ എന്തായാലുമെത്തില്ല. ഗോവധത്തില്‍ എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. അച്ഛനെയും അമ്മയെയും നോക്കാന്‍ സമയം കിട്ടാത്തിടത്ത് പശുക്കളെ ആരാണ് നോക്കുക. മൃഗങ്ങളെ കൊല്ലുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ വേദനരഹിതമായ രീതിയില്‍ കൊല്ലുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ മധസ്പര്‍ധ വളര്‍ത്തുന്നതിന്റെ പേരില്‍ കേസെടുക്കണമെന്ന് എം.ഐ ഷാനവാസ് എം.പി. അന്ധമായ വര്‍ഗീയതയുടെ തടവറയിലാണ് സെന്‍കുമാറെന്നും സംഘപരിവാറിന് വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനയിറക്കുന്നതെന്നും ഷാനവാസ് പറഞ്ഞു. ഐഎസും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്. ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയതയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Top