സെന്‍‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തച്ചങ്കരി..’താൻ മാത്രം ശരിയെന്നും ബാക്കിയെല്ലാവരും തെറ്റെന്നും കരുതുന്നവർ മനോരോഗികൾ’

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടോമിന്‍ ജെ തച്ചങ്കരി. സൗഭാഗ്യങ്ങള്‍ ആസ്വദിച്ചശേഷം പോലീസ് സേനയെ തള്ളിപ്പറയുന്നത് ശരിയല്ലന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ പറയാനുള്ളത് വഴിയില്‍ പറയരുതെന്നും, പൊതു ചര്‍ച്ച നടത്തി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തരുതെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്‍കി.താൻ മാത്രം ശരിയെന്ന് കരുതുന്നവർക്ക് മനോരോഗമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പോലീസ് അസോസിയോഷൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം സെൻകുമാറിൻറെ ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകിയത്. ബുദ്ധനെ പരാമർശിച്ചു കൊണ്ടായിരുന്നു തച്ചങ്കരിയുടെ മറുപടി. തനിക്കെതിരായ വിമർശനങ്ങൾ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയ്യടി വാങ്ങാനും പേരെടുക്കാനും പത്രങ്ങളിൽ ഫോട്ടോ വരാനും അധികാരം ഉപയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയല്ല പോലീസ് സേനയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു. വീട്ടിൽ പറയേണ്ടത് വഴിയിൽ പറയേണ്ടതില്ലെന്നും അദ്ദേഹം.

പോലീസുകാരുടെ അധികാരം വ്യക്തിപരമല്ലെന്നും ഇരിക്കുന്ന കസേരയുടെ അധികാരമാണതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേന ഒരു സ്ഥാപനമാണെന്നും വ്യക്തികൾ വരുംപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കസേരയിൽ ഇരിക്കുന്നവർ തനിക്ക് ശേഷം ഭൂകമ്പമാണെന്ന് കരുതരുതെന്നും തച്ചങ്കരി പറയുന്നു. പോലീസ് സേനയിൽ നിശ്ചിത ശതമാനം പേർ കുറ്റക്കാരനാണെന്ന് കരുതരുതെന്നും ഈ നിലയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം. ഇതൊക്കെ പോലീസിന്റെ വിശ്വാസ്യത തകർക്കുമെന്നും തച്ചങ്കരി പറയുന്നു.തച്ചങ്കരിയുടെ പോലീസ് ആസ്ഥാനത്തെ നിയമനത്തെ വിമര്‍ശിച്ച്‌ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് തച്ചങ്കരിയുടെ പ്രതികരണം. തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ്, തച്ചങ്കരിയുടെ നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Top