ആദ്യവിവാഹം നിര്‍മ്മാതാവിനൊപ്പം; സ്ത്രീധനമായി നല്‍കിയത് മുന്നൂറ് പവന്‍; ബന്ധം തകര്‍ന്നതോടെ സാമ്പത്തിക ഞെരുക്കത്തിലായി; അയ്യായിരം സ്‌ക്വയര്‍ ഫീറ്റിലുള്ള വീട്ടില്‍ നോട്ടടി തുടങ്ങി; കുറ്റം ഏറ്റുപറഞ്ഞ് സീരിയല്‍ നടി

കൊച്ചി: നിര്‍മ്മാതാവുമായുള്ള സീരിയല്‍ നടിയുടെ ആദ്യവിവാഹത്തിന് സ്ത്രീധനമായി നല്‍കിയത് 300 പവന്‍. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കാന്‍ വീട്ടില്‍ പൂജയും വഴിപാടുകളും പതിവ്. 5000 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള വീടുണ്ടെങ്കിലും കൈയില്‍ കാര്യമായ നീക്കിയിരിപ്പില്ല. ഡിസൈനിംഗും പ്രിന്റിംഗും നടന്നത് ലിയോയുടെയും സഹായികളുടെയും നേതൃത്വത്തില്‍. അച്ചടിച്ച വ്യാജന്‍ കൊണ്ടുപോയത് ആവശ്യക്കാരില്‍ ചിലരെ കാണിച്ച് കരാര്‍ ഉറപ്പിക്കാന്‍. കള്ളനോട്ടടിച്ചതിന് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്ത സീരിയല്‍ നടി സൂര്യശിവകുമാറിന്റെ അമ്മ രാമാദേവി പൊലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെ.

സീരിയല്‍ നിര്‍മ്മാതാവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യയുടെ വിവാഹം കെങ്കേമമായിട്ടായിരുന്നു നടന്നത്. 300 പവനാണ് ഈ ബന്ധത്തില്‍ നിര്‍മ്മാതാവിന് കിട്ടിയത്.വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം തകര്‍ന്നെന്നും നടി രണ്ടാമതും വിവാഹിതയായെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പാരമ്പര്യമായി ഭൂസ്വത്തും വസ്തുവകകളുമുള്ള കുടുബാംഗമാണ് രമാദേവിയെന്നും മകളുടെ ആദ്യവിവാഹത്തോടെ സാമ്പത്തിക ഞെരുക്കത്തിലായെന്നുമാണ് ഇവരില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5000 ചതുരശ്ര അടി വ്‌സ്തീര്‍ണ്ണം തോന്നിക്കുന്ന ഇവര്‍ താമസിക്കുന്ന വീട് പണിതിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മഴവില്‍ മനോരമയിലെ പരിണയം സീരിയലിന് പുറമേ ഫ്‌ളവേഴ്‌സ് ചാനലിലെ മാമാങ്കം എന്ന സീരിയലിലെയും നടിയാണ് സൂര്യ. ഇത് കൂടാതെ നിരവധി സീരിയലുകളിലും ഇവര്‍ അഭിനയിക്കുന്നുണ്ട്.  നോട്ടടിക്കാന്‍ വീട്ടില്‍ പ്രിന്റിങ് യൂണിറ്റ് സ്ഥാപിച്ചതും പ്രവര്‍ത്തിപ്പിച്ചതും ലിയോ ആണെന്നാണ് രമാദേവി പൊലീസിന് നല്‍കിയ വിവരം. ആദ്യഘട്ട പ്രിന്റിങ് പൂര്‍ത്തിയാക്കിയ ശേഷം അച്ചടിച്ച നോട്ടുമായി ലിയോ സ്ഥലം വിട്ടു.

ആവശ്യക്കാരില്‍ ചിലരെ കാണിക്കാനാണ് ഇതുകൊണ്ടുപോയതെന്നാണ് തന്റെ അനുമാനമെന്നും ഇവര്‍ ഉദ്യോഗസ്ഥ സംഘത്തോട് വ്യക്തമാക്കിയതാണ് സൂചന. ഈ കേസില്‍ ആദ്യം പിടിയിലായ ലിയോയുമായിട്ടായിരുന്നു വീട്ടില്‍ പൊലീസ് തെളിവെടുപ്പിനെത്തിയത്. മറുത്തൊരക്ഷരം പറായാതെ ഇവര്‍ കുറ്റമേറ്റു. പറ്റിപ്പോയെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നുമുള്ള നിലപാടില്‍ ഇവര്‍ കാര്യങ്ങളെല്ലാം പൊലീസിനോട് വിശദമാക്കുകയായിരുന്നെന്നാണ് അറിയുന്നത്. ടിവി യിലെ പരസ്യങ്ങളില്‍ കാണിക്കുന്ന ധാനാഗമ യന്ത്രങ്ങള്‍ ഇവര്‍ വാങ്ങുകയും വഴിപാടുകളും പൂജകളും മറ്റും നടത്തുകയും ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

തെളിവെടുപ്പിന് ശേഷം ഇവര്‍ മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സീരിയലുകളിലെ അഭിനേത്രി സൂര്യ ശിവകുമാര്‍(36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍(ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരെയാണ് ഇന്നലെ വൈകിട്ട് കട്ടപ്പനയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും അച്ചടിച്ച 57 ലക്ഷത്തിന്റെ കള്ളനോട്ടും പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ്(സാം44), ബി.എസ്.എഫ് മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍(46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍(58) എന്നിവരില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് നടിയേയും കുടുംബാംഗങ്ങളെയും കുടുക്കാന്‍ കാരണമായത്.

പ്രത്യേക അന്വേഷണസംഘം പ്രതി ലിയോയുമായി എത്തി വീട് റെയ്ഡ് ചെയ്യുകയായിരുന്നു. മുളങ്കാട്ടെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് കള്ളനോട്ട് അച്ചടിച്ചുവന്നത്. ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയ്യാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു. ആദ്യഘട്ടമായി ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടികൂടിയത്. രണ്ടാംഘട്ടമായി അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടു പേപ്പറുകളിലായി അച്ചടിച്ച 500 രൂപ നോട്ടിന്റെ രണ്ടുവശവും ചേര്‍ത്തൊട്ടിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുണ്ടായിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

കിട്ടുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്ന ധാരണയിലാണ് ഇവരില്‍നിന്നു 4.36 ലക്ഷം രൂപ െകെപ്പറ്റിയത്. സംഘത്തില്‍പ്പെട്ട ഏഴു പേരെക്കുറിച്ച് വിവരം ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച റെയ്ഡ് രാവിലെ പത്തോടെയാണ് അവസാനിച്ചത്. രമാദേവിയും ഭര്‍ത്താവും നേരത്തെ കുവൈത്തിലായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം നാട്ടിലെത്തിയ രമാദേവി ആറുമാസം മുമ്പു വീട് വിറ്റു. ജ്വല്ലറി ജീവനക്കാരനായ ഭര്‍ത്താവ് വെടിയേറ്റ് മരിച്ചുവെന്നാണ് സൂചന. തുടര്‍ന്ന് ഇതേ വീട്ടില്‍ മക്കളുമായി വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.

ആറു മാസമായി ഇവിടെ നോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. വണ്ടിപ്പെരിയാര്‍ എസ്‌ഐ: ബജിത്ത്‌ലാല്‍, എഎസ്‌ഐമാരായ ഷാജി എബ്രഹാം, റെജി കുര്യന്‍, സി.പി.ഒമാരായ ഷിനാസ്, ജോജി, വനിത സി.പി.ഒമരായ സുമം, രാഖി കെ.രഘു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Top