ബഷീർ വള്ളിക്കുന്ന്
(കേരള കേഡറില്‍ നിന്നുള്ള ഐ പി എസ് ഓഫീസര്‍ സേതുരാമന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ വിവര്‍ത്തനമാണിത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയെക്കുറിച്ച് ദേശീയ തലത്തില്‍ വ്യാപകമായ കുപ്രചരണങ്ങള്‍ നടക്കുന്ന ഇക്കാലത്ത് മൂന്നാര്‍ സ്വദേശിയായ സേതുരാമന്റെ പോസ്റ്റ് കൂടുതല്‍ ചര്‍ച്ചയര്‍ഹിക്കുന്നുണ്ട് എന്ന് കരുതുന്നതിനാലാണ് ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്)
കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതില്‍ ആകുലപ്പെട്ട് മുന്‍ ഡി ജി പി സെന്‍കുമാര്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പാശ്ചാത്തലത്തില്‍ ഇത്തരമൊരു കുറിപ്പിന് വലിയ പ്രസക്തിയുണ്ട്. 10 JULY 2017 ന് കെ സേതുരാമന്‍ ഐ പി എസ് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ വിവര്‍ത്തനം.
കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിച്ചാല്‍ എന്ത് സംഭവിക്കും?. ഒരു ഐ പി എസ് ഓഫീസര്‍ എന്ന നിലക്ക് മലപ്പുറം ജില്ലാ പോലീസ് മേധാവിയായി നാല് വര്‍ഷം ജോലി ചെയ്ത പരിചയം വെച്ച് എനിക്ക് പറയാന്‍ കഴിയും, അത് കേരളത്തെ എല്ലാ അര്‍ത്ഥത്തിലും ജീവിക്കാന്‍ ഏറ്റവും മികച്ച ഒരു പ്രദേശമാക്കി മാറ്റും.പോലീസ് ഓഫീസര്‍മാര്‍ എന്ന നിലക്ക് ഞങ്ങള്‍ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയും എല്ലാ പ്രദേശത്തെ ജനങ്ങളെയും അടുത്തറിയുകയും ചെയ്യാറുണ്ട്. എല്ലായിടത്തും ഞാന്‍ കണ്ടത് ഹിന്ദുവിനേയും മുസ്ലിമിനേയും നായരേയും ഈഴവനേയും ക്രിസ്ത്യാനിയേയും ദളിതനേയുമാണ്, എന്നാല്‍ മലപ്പുറം ജില്ലയില്‍ കണ്ടതാകട്ടെ, ‘പച്ച മലയാളി’യെയാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് സഹായഹസ്തം നീട്ടി നില്ക്കുന്ന ഒരിടം. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രമായ ഈ ജില്ലയ്ക്ക് സാമുദായിക കലാപങ്ങളുടെ ചരിത്രമില്ല, നിയമ വ്യവസ്ഥകളെ അങ്ങേയറ്റം ആദരിക്കുകയും തികഞ്ഞ സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്ന ഒരു ജനത. മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്ന പക്ഷം തീര്‍ച്ചയായും അത് മലയാളിത്വത്തേയും അതിന്റെ യൗവ്വനത്തേയും വര്‍ദ്ധിപ്പിക്കും, മാത്രമല്ല, അത് സാമുദായികതയും ജാതീയതയും കുറച്ചു കൊണ്ടുവരും.
കേരളം സാംസ്കാരികമായി കൂടുതല്‍ സമ്പുഷ്ടമാകും, നമുക്ക് കൂടുതല്‍ ബഷീറുമാരെ ആവശ്യമുണ്ട്. വടക്കന്‍ വീരഗാഥയില്‍, അമരത്തില്‍, രാജമാണിക്യത്തില്‍, പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെക്കുറിച്ച് ഒരാള്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല. ഫാസിലാണ് നമുക്ക് മണിച്ചിത്രത്താഴ് നല്കിയത്. എം എന്‍ കാരശ്ശേരിയേക്കാള്‍ പുരോഗമന വിശാല കാഴ്ചപ്പാടുള്ള ആരുണ്ട് കേരളത്തില്‍? അദ്ദേഹത്തിന്റെ മനോഹരമായ എഴുത്തില്‍ നിന്നാണ് ഞാന്‍ മലയാള ഭാഷ പഠിച്ചിട്ടുള്ളത്. ബഹുഭാഷാ വിദഗ്ദനായ സമദാനിയുടെ പ്രഭാഷണങ്ങള്‍ മതേതര കാഴ്ചപ്പാടുള്ള ഏതൊരു മലയാളിയേയും പ്രചോദിപ്പിക്കും. ഏറ്റവും നല്ല വിമര്‍ശകരും ഭൗതിക വാദികളും കേരളത്തിലെ മുസ്‌ലിം സമൂഹത്തിലുണ്ട്. കേരളീയ സമൂഹത്തെക്കുറിച്ച് നിരന്തരം എഴുതുന്നയാളാണ് ഹമീദ് ചേന്ദമംഗലൂര്‍. ജബ്ബാര്‍ മാഷും അയ്യൂബ് മൗലവിയും മതമൗലിക വാദികളെ വെല്ലുവിളിക്കുന്നതിനേക്കാള്‍ ശക്തമായി വെല്ലുവിളിക്കുന്ന ആരുമില്ല.
കേരളത്തിലെ മുസ്ലിംകളുടെ രാഷ്ട്രീയ സംസ്കാരം മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ഒരു മാതൃകയാണ്. യു പി യില്‍ അഞ്ച് കോടിയിലധികം മുസ്ലിംകളുണ്ട്. അവരെ പ്രതിനിധീകരിക്കുവാന്‍ ഒരു പാര്‍ലമെന്റ് മെമ്പര്‍ പോലുമില്ല എന്നത് എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്. നിയമസഭയിലെ മെമ്പര്‍മാരുടെ എണ്ണമാകട്ടെ ആനുപാതികമായി വളരെ വളരെ കുറവാണ് താനും. കേരളത്തിലാകട്ടെ, മുസ്ലിംകള്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ സംസ്‌ഥാന നിര്‍മ്മിതിയില്‍ അവര്‍ക്ക് അവരുടേതായ പങ്കുണ്ട്. സ്വന്തം വീട്ടിലെന്ന പോലെ ആര്‍ക്കും പാണക്കാട് തങ്ങളെ പോയി കാണാം, കുഞ്ഞാലിക്കുട്ടിയെ കാണാം. ഇസ്‌ലാമിന്റെ മനോഹാരിതയെക്കുറിച്ച് കെ ടി ജലീലില്‍ നിന്ന് പഠിക്കാം, ലാളിത്യവും പ്രതിബദ്ധയും ഉള്‍ക്കൊള്ളാം. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനേക്കാള്‍ മതേതരനായ ഒരു അമുസ്‌ലിമിനെ കാണാന്‍ കഴിയുമോ? എനിക്ക് സംശയമുണ്ട്. യുവനിരയിലെ മുസ്‌ലിം എം എല്‍ എ മാരും രാഷ്ട്രീയക്കാരും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നവരാണ്, അവര്‍ കേരളത്തെ മാത്രമല്ല, ഇന്ത്യയെത്തന്നെ കൂടുതല്‍ മികച്ചതാക്കും.
കൂടുതല്‍ മുസ്‌ലിംകള്‍ എന്നാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍, കൂടുതല്‍ മലയാളികള്‍, കൂടുതല്‍ നിക്ഷേപകര്‍, കൂടുതല്‍ ഉപഭോക്താക്കള്‍ എന്നൊക്കെയാണര്‍ത്ഥം, അതുവഴി കൂടുതല്‍ പുരോഗതിയെന്നും. കേരളത്തിലേക്ക് ഏതൊരു നയതന്ത്രജ്ഞനും ഉദ്യോഗസ്ഥ മേധാവിയും കൊണ്ടുവരുന്നതിനേക്കാള്‍ കൂടുതല്‍ നിക്ഷേപവും വികസനവും യൂസഫലി കൊണ്ടുവന്നിട്ടുണ്ട്. മുസ്‌ലിം നിക്ഷേപകരുടെ എണ്ണം ഈ കുറിപ്പില്‍ സൂചിപ്പിക്കാന്‍ കഴിയുന്നതിലും കൂടുതലാണ്. ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള വരുമാനമില്ലായിരുന്നുവെങ്കില്‍ കേരളം എന്നേ കുത്തുപാളയെടുത്തേനേ.
മനോഹരവും അനുഗ്രഹീതവുമായ ഒരിടമാണ് കേരളം. മുസ്‌ലിം യുവത്വം അതിനെ കൂടുതല്‍ ചടുലവും ഊര്‍ജ്വസ്വലവുമാക്കി മാറ്റും. പ്രതീക്ഷ നല്കുന്ന വിദ്യാര്‍ത്ഥി സമൂഹവും യുവത്വവും നിറഞ്ഞു നില്ക്കുന്ന ഒരിടമാണ് മലപ്പുറം. മികവുറ്റ ശാസ്ത്രകാരന്മാരേയും ഡോക്ടര്‍മാരെയും കലാകാരന്മാരേയും വ്യവസായികളേയും അവരില്‍ നിന്ന് ഈ രാജ്യത്തിനു ലഭിക്കും. ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് അവര്‍ അവരുടേതായ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്, അതിനിയും തുടരും.
മുസ്ലിംകള്‍ കൂടുതല്‍ പ്രത്യുത്പാദന നിരതരാണെന്നത് ഒരു മിത്താണ്. ഇന്തോനേഷ്യയിലേയും ബംഗ്ളാദേശിലേയും ജനനനിരക്ക് യു പിയിലേയും ബിഹാറിലേയും നിരക്കിനേക്കാള്‍ കുറവാണ്. ദരിദ്ര സമൂഹങ്ങളിലാണ് ജനനനിരക്ക് കൂടുതല്‍. മുസ്‌ലിം ജനസംഖ്യ കുറയ്ക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അവരെ സമ്പന്നരാക്കൂ. അവര്‍ക്ക് അവസരങ്ങള്‍ നല്കൂ. അഭ്യസ്ഥവിദ്യരും സമ്പന്നരുമായ മുസ്ലിംകളില്‍ ജനനനിരക്ക് വളരെ കുറവാണ്.
മനുഷ്യന് മേല്‍ വിഭാഗീയതയുടെ മുദ്ര കുത്തുന്നതാണ് ഏറ്റവും വലിയ പാതകം. ഈ ലേഖനത്തില്‍ ഞാനും ആ മുദ്ര കുത്തല്‍ നടത്തിയിട്ടുണ്ട്. കാരശ്ശേരി മാഷിനെയോ, മമ്മൂട്ടിയെയോ, മന്ത്രി കെ ടി ജലീലിനെയോ മുസ്ലിമെന്ന് മുദ്ര ചാര്‍ത്താന്‍ എനിക്ക് താത്പര്യമില്ല. അവര്‍ അനുഗ്രഹീതരായ ഇന്ത്യക്കാരാണ്, ഒരു മതത്തോട് വിളക്കിച്ചേര്‍ത്ത് പറയപ്പെടേണ്ടവരല്ല അവര്‍. ഒരു സാധാരണ പൗരനെപ്പോലും അങ്ങിനെ ലേബല്‍ ചെയ്യാന്‍ പാടില്ല. അടിച്ചേല്‍പ്പിക്കപ്പെടുന്ന ലേബലുകളില്ലാതെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും യുവാക്കള്‍ക്കും വളരാനും വികസിക്കാനുമുള്ള അവസരം നല്‍കാന്‍ നമുക്കാകില്ലേ.
മതങ്ങളിലെ സങ്കുചിത വിഭാഗക്കാര്‍ മനുഷ്യന്റെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. കുട്ടികളെ കുട്ടികളായി കാണാന്‍ കഴിയാത്തവര്‍, അമ്മമാരെ അമ്മമാരായി കാണാന്‍ കഴിയാത്തവര്‍. മുസ്‌ലിം കുട്ടികള്‍, ഹിന്ദു കുട്ടികള്‍, ക്രിസ്ത്യന്‍ കുട്ടികള്‍, നായര്‍ കുട്ടികള്‍.. അങ്ങിനെയങ്ങിനെ അവര്‍ ലേബല്‍ ചെയ്യുകയാണ്. ഒരു കുഞ്ഞും ഒരു പ്രത്യേക മതക്കാരനായി ജനിക്കുന്നില്ല. ഒരമ്മക്ക് കുഞ്ഞിനേക്കാള്‍ വലുതല്ല ഒരു പ്രവാചകനും ഒരു ദൈവവും.