വല്യച്ഛന്റെ പിടിയില്‍ നിന്നും രക്ഷനേടാന്‍ ദുര്‍ഗന്ധത്തില്‍ മുങ്ങിയ ഏഴാംക്ലാസുകാരി; ഉള്ള് പൊള്ളിക്കുന്ന ഏഴ് അനുഭവങ്ങള്‍…

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡോ. വീണ ജെഎസിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. തനിക്ക് നേരിട്ടറിയാവുന്ന ഏഴ് പെണ്ണുങ്ങളുടെ അനുഭവമാണ് വീണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സെക്‌സ് വിദ്യാഭ്യാസം എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഓരോ മെഡിക്കല്‍ കോളേജുകളിലെയും പ്രസവ/അബോര്‍ഷന്റൂമുകളില്‍ എത്തുന്ന പോക്സോ കേസുകളുടെ എണ്ണം മാത്രം മതി നമുക്ക്- വീണ ഫേസ്ബുക്കില്‍ കുറിച്ചു.

വീണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരിട്ടറിയുന്ന ഏഴ് പെണ്ണുങ്ങളെ കുറിച്ചാണ് പറയാന്‍ ഉള്ളത്. പേരുകള്‍ സാങ്കല്പികമല്ലാതെ വയ്യല്ലോ. ആണ്‍കുട്ടികള്‍ ആണ് പെണ്‍കുട്ടികളേക്കാള്‍ കൂടുതലായി ആക്രമിക്കപ്പെടുന്നത് എന്ന് മറക്കാതെയുമിരിക്കുക.

(പോക്സോ ആയതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.) ഈ പോസ്റ്റിനു താഴെ നമുക്ക് ചര്‍ച്ച ഒഴിവാക്കാം. എച്മുവിന്റെ എഴുത്തുണ്ടാക്കിയ മുറിവ് അത്രയ്ക്കാണ്..

1 സൂര്യ.
ഇന്ന് പതിനേഴു വയസ്സ്. പഠിത്തത്തില്‍ പിന്നോട്ട് നിന്നതിനാലും അല്പം കുസൃതിയായതിനാലും മിക്ക മാതാപിതാക്കളെയും പോലെ അവളെയും കൗണ്‍സിലിങ്‌ന് കൊണ്ടുപോയി. ഒരു സൈക്കോളജിസ്റ്റ്. രഹസ്യങ്ങള്‍ അറിയാന്‍ കുട്ടിയോട് തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞ അയാള്‍ വിവിധദിവസങ്ങളില്‍ മാതാപിതാക്കളെ പുറത്തിരുത്തുകയും ഒരുപാട് തവണ കുട്ടിയെ കൗണ്‍സിലിംഗ് റൂമില്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് അവളുടെ ശരീരം ഉപയോഗിക്കുകയും ചെയ്തു. കുറച്ച് നാളുകള്‍ക്കുള്ളില്‍ അവളുടെ മുഖത്തെ പ്രസരിപ്പുപോലും നഷ്ടപ്പെട്ടെന്ന് മാത്രമല്ല, അനവധിത്തവണ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
പതിനെട്ടു വയസ്സില്‍ താഴെയായാലും മുകളിലായാലും ഒരു പെണ്‍കുട്ടിയെ ഒറ്റക്ക് ശരീരപരിശോധന നടത്താന്‍ ഒരു ആണ്‍ചികിത്സകനെയും നിയമം അനുവദിക്കുന്നില്ലെന്ന് ആദ്യം അറിയുക. പരിശോധനസമയം രോഗിക്ക് comfortable ആയ ഒരു സ്ത്രീ കൂടെ ഉണ്ടാവണം എന്നതാണ് നിയമം. ഏത് തരം ചികിത്സ ആണെങ്കിലും കുട്ടിയെ ഒറ്റക്ക് വേണമെന്ന് പറയുന്ന ഡോക്ടര്‍മാരെയും കൗണ്‍സിലര്‍മാരെയും സംശയത്തോടെ മാത്രം കാണുക, ചോദ്യം ചെയ്യുക. കുട്ടികളോട് നമ്മുടെ ആശയവിനിമയം വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് പോംവഴി. മാനസികരോഗങ്ങളുടെ ചികില്‍സക്കും കൗണ്‍സിലിംഗ്‌നും ആദ്യം മനഃശാസ്ത്രഡോക്ടറുടെ അടുത്ത് പോകുക. മരുന്ന് ആവശ്യമില്ലെന്ന് പറയാന്‍ ഡോക്ടര്‍ക്ക് മാത്രമേ കഴിയു.

2. അഗ്‌നി.
സ്‌കൂളില്‍ അഗ്നിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ആളില്ലാത്ത ഏതോ നേരം അവര്‍ തമ്മില്‍ ഒറ്റക്കൊരു ക്ലാസ്സില്‍ ഇരിന്നത് കണ്ട അധ്യാപിക അത് പ്രശ്‌നമാക്കുകയും വീട്ടുകാരെ വിളിപ്പിക്കുകയും ചെയ്തു. അധ്യാപകര്‍ മുഴുവന്‍ ഇക്കാര്യം അറിഞ്ഞു. അല്പമാസങ്ങള്‍ക്കുള്ളില്‍ ആ വിദ്യാലയത്തിലെ തന്നെ ഒന്നിലധികം ആണ്‍അധ്യാപകര്‍ ആ പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. മാനസികമായി തകര്‍ന്ന അഗ്‌നി പഠനം നിര്‍ത്തി വീട്ടിലിരിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ അറിഞ്ഞ ബന്ധുക്കള്‍ കൂടുതല്‍ ശത്രുക്കളായി. അച്ഛനില്ലാത്ത ചില വീടുകളില്‍ അമ്മ പീഡിപ്പിക്കപ്പെടുന്നതിലും ക്രൂരമായി ‘സ്വഭാവദൂഷ്യം’ ആരോപിക്കപ്പെട്ട അവള്‍ ക്രൂരതക്കിരയായി.
ഒരുകാരണവശാലും കുട്ടിയുടെ പ്രണയകാര്യങ്ങള്‍ പൊതുചര്‍ച്ചയാക്കാതിരിക്കുക. സ്‌കൂളുകളിലെ women cell മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്യുക. പ്രധാനഅധ്യാപകസ്ഥാനത്തു ആണ്‍ ആണെങ്കില്‍ അയാള്‍ പോലും അറിയാതെ കാര്യങ്ങള്‍ നീക്കുക. പെണ്‍കുട്ടികളുടെ ഇത്തരം കാര്യങ്ങള്‍ രഹസ്യമായി ഡീല്‍ ചെയ്യാനറിയാത്ത, ഇങ്ങനെയുള്ള റിസ്‌കുകളിലേക്ക് അവരെ തള്ളിവിടുന്ന സ്ത്രീകളായ അധ്യാപകര്‍ ചാവുന്നതാണ് നല്ലത്. നല്ല ആണ്‍അധ്യാപകരെ മറക്കുന്നില്ല. പക്ഷെ ഈ ഗതികേടിന്റെ നാട്ടില്‍ നിങ്ങളെ മാറ്റിനിര്‍ത്തേണ്ടി വരുന്നതില്‍ ക്ഷമ ചോദിക്കുന്നു.

3. താര
ഏറ്റവും മിടുക്കിയായിരുന്നു ഏഴാം ക്ലാസ്‌കാരി. കടക്കയത്തില്‍ വീണുപോയ അച്ഛന്‍ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച ശേഷം തൂങ്ങിമരിച്ചു. മകള്‍ മാത്രം ‘രക്ഷപ്പെടുന്നു’ !’ വല്യച്ഛന്റെ വീട്ടില്‍ വളരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ താരയുടെ അടുത്തിരിക്കാന്‍ ആവില്ലെന്ന് ക്ലാസ്സിലെ കുട്ടികള്‍ അധ്യാപകരോട് പരാതി പറയാന്‍ തുടങ്ങി. അച്ഛനും അമ്മയും വേര്‍പെട്ട ശേഷം കുറച്ചു നാളുകള്‍ക്കുള്ളില്‍ അവള്‍ കുളിക്കാതായി. അടുത്തുപോകാന്‍ പോലുമാവാത്തവിധം ശരീരദുര്‍ഗന്ധം വരാന്‍ തുടങ്ങി. അധ്യാപകരില്‍ ഒരാള്‍ കുട്ടിയോട് സ്‌നേഹപൂര്‍വ്വം പെരുമാറുകയും കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്തു. രാത്രി വല്യച്ഛന്‍ അവളുടെ അടുത്തുവന്ന് കിടക്കും. പലതും ചെയ്യും. വേദനകൊണ്ട് മൂത്രവും മലവും പോലും പോകാന്‍ ബുദ്ധിമുട്ടി. വല്യച്ഛന്‍ അവളുടെ ദേഹം കടിക്കുന്ന നേരങ്ങളില്‍ അവളുടെ ശരീരത്തിന് നല്ല മണമാണെന്ന് പറയും. മണം ചീത്തയായാല്‍ രക്ഷപ്പെടുമെന്ന് അവള്‍ കരുതി. വല്യച്ഛനെ പോലീസ് കൊണ്ടുപോയി. അവള്‍ ശിശുഭവനില്‍ എത്തി. പതുക്കെ മനസിലെ വ്രണങ്ങള്‍ മാറി. പഠനം തുടരാന്‍ ഭാഗ്യമുണ്ടായി.

4. കൃതി.
നല്ല ഒരു പങ്കാളിയുമായി ജീവിതം മുന്നോട്ടു പോകുന്നു. വിവാഹം കഴിഞ്ഞു കുറച്ച് മാസങ്ങളായിട്ടും ലൈംഗികബന്ധം പൂര്‍ണതയില്‍ എത്തിക്കാന്‍ പറ്റുന്നില്ല. പങ്കാളിയെ Oral സെക്സ് ചെയ്തു തൃപ്തിപ്പെടുത്തി. അവള്‍ക്ക് Clitoral ഓര്‍ഗാസം മതി എന്ന രീതിയില്‍ കാര്യങ്ങള്‍ തുടര്‍ന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു കുഞ്ഞു വേണമെന്ന് തോന്നിയതോടെ ഇക്കാര്യത്തില്‍ ഡോക്ടറെ കാണണം എന്ന തോന്നല്‍ വന്നു. യോനി പരിശോധിക്കാന്‍ സമയം ഉള്ളിലേക്ക് വിരലുകള്‍ ഇടാന്‍ ശ്രമിച്ച ഡോക്ടറെ തള്ളിമാറ്റി അവള്‍ എഴുന്നേറ്റു. വേദന കാരണമോ ഭയം കാരണമോ ആണ്. ‘നീയൊക്കെ പിന്നെ എങ്ങനെ അമ്മയാവും’ എന്ന് വളരെ നീചമായി ആ ഡോക്ടര്‍ ചോദിക്കുകയും ചെയ്തു. വൈകാതെ അവര്‍ ഒരു മനഃശാസ്ത്രഡോക്ടറുടെ അടുത്ത് പോയി. വീടിനുള്ളില്‍ ലൈംഗികചൂഷണത്തിന് ഇരയായ കുട്ടിയായിരുന്നു അവള്‍. അതില്‍നിന്നൊക്കെ രക്ഷപ്പെട്ട് നല്ലൊരു ജീവിതത്തിലേക്ക് കടന്നു. എന്നാല്‍ യോനിയിലേക്ക് ലിംഗപ്രവേശനം നടത്താന്‍ ശ്രമിക്കുന്ന വേളകളില്‍ മാത്രമല്ല പ്രൈവറ്റ് പാര്‍ട്ട് വൃത്തിയായി കഴുകുന്ന സമയത്ത്‌പോലും പഴയ കാര്യങ്ങള്‍ ഓര്‍മ്മവരികയും മാനസികമായ വിഷമം vaginismus എന്ന അവസ്ഥയില്‍ എത്തിക്കുകയും ചെയ്തു.
വിവിധ സൈസിലുള്ള സര്‍ജിക്കല്‍ ഡയലേറ്ററുകള്‍ ഉപയോഗിച്ചും വിരലുകള്‍ ഉപയോഗിച്ചും പങ്കാളിയുടെ സഹായത്തോടെ മറികടക്കാവുന്ന അവസ്ഥയാണ് ഇതും.നല്ലൊരു ഡോക്ടറുടെ കൗണ്‍സിലിംഗ് നിങ്ങളെ സഹായിക്കും. അവള്‍ ഇന്ന് നന്നായിരിക്കുന്നു.
പ്രസവസമയങ്ങളിലെ ഭീകരമായ വേദനക്കിടയില്‍ ഇടവിട്ടിടവിട്ട് നടക്കുന്ന യോനിപരിശോധന പിന്നീട് ലൈംഗികബന്ധം ഉണ്ടാകുമ്പോള്‍ ഓര്‍മ്മവരികയും vaginismus ഉണ്ടായവരെയും അറിയാം. രോഗി റിലാക്‌സ് ചെയ്ത ശേഷം മാത്രം സമയമെടുത്തു യോനിപരിശോധന നടത്താന്‍ doctors ശ്രമിക്കണം.

5. ഷഹാന.
പതിനഞ്ചാം വയസ്സില്‍ ഗര്‍ഭിണി. കഴിഞ്ഞ വര്‍ഷം ആദ്യം ഗര്‍ഭഛിദ്രം നടത്താന്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലൊന്നില്‍ എത്തി. അവിവാഹിതയായ അമ്മയായാലും വിവാഹിതയായ അമ്മയായാലും വേദനസംഹാരിയില്ലാതെ അബോര്‍ഷന്‍ ചെയ്താല്‍ ഭാവിയില്‍ ‘തെറ്റ്’ ചെയ്യില്ലെന്ന് അതിശക്തമായി വിശ്വസിക്കുന്ന ഒരുപറ്റം ക്രൂരരായ ചികിത്സാലോകത്തു കാലുകള്‍ അകത്തി അവള്‍ കിടന്നു. കാലുകള്‍ ശക്തിയില്‍ അകത്തിപിടിച്ചു DNC ചെയ്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. വേദനയാവുന്നു എന്ന് പറഞ്ഞ് പിടയുമ്പോഴെല്ലാം വാക്കുകള്‍ കത്തിയേക്കാള്‍ മൂര്‍ച്ചയുള്ളതായി. ദയവുള്ള ഏതോ ഒരു ശബ്ദം മാത്രം ‘ഇപ്പൊ കഴിയും’ എന്ന് പറഞ്ഞു.

രോഗിയുടെ താല്‍പര്യപ്രകാരമുള്ള വേദനസംഹാരി അബോര്‍ഷന്‍ സമയത്ത് നല്‍കേണ്ടതാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ വേദനസംഹാരി നല്‍കാന്‍ ഉള്ള സജ്ജീകരണം ഇല്ലാ, തിരക്ക് കൂടുതല്‍ ആണ് എന്നിങ്ങനെയുള്ള ആയിരം കാരണങ്ങള്‍ നിരത്തരുത്. ഗൈനക് സംബന്ധമായ എല്ലാ ശസ്ത്രക്രിയാരീതികളിലും, അവയെത്ര ചെറുതാണെങ്കിലും വേദനയില്ലാതെ ചെയ്യാന്‍ ഡോക്ടര്‍മാര്‍ ബോധപൂര്‍വം ഇടപെടേണ്ടതാണ്. വേദന അനുഭവിച്ചാല്‍ ‘തെറ്റ്’ ആവര്‍ത്തിക്കില്ല എന്ന ‘നൈതികത’ ആരോഗ്യരംഗത്തും മാനുഷികരംഗത്തും ഇല്ലെന്ന് മനസിലാക്കുക.

6. സാക്ഷി
അതിക്രൂരമായ റേപ്പിനിരയായവള്‍. പലകാരണങ്ങളാല്‍ ഗര്‍ഭഛിദ്രം സാധ്യമാകാതെ പ്രസവം നടത്തേണ്ടിവന്ന പതിമൂന്നുകാരി. ക്രൂരത ചെയ്തവനെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന് വരെ ചോദിച്ച പോലീസ്‌കാര്‍ നമ്മടെ കേരളത്തില്‍ തന്നെയുണ്ട്. പ്രസവം അടുത്തതോടെ അവള്‍ ആവര്‍ത്തിച്ചുപറഞ്ഞ ഒരു കാര്യമേയുള്ളു. തനിക്കാ കുഞ്ഞിനെ വേണ്ട. കാണുക പോലും വേണ്ട.
എന്നാല്‍ അവളെ പരിചരിച്ചവര്‍ കുഞ്ഞിനെ മുലയൂട്ടിട്ടില്ലെങ്കില്‍ അവള്‍ക്കു ഭാവിയില്‍ സ്തനാര്‍ബുദം വരുമെന്ന് പറഞ്ഞു ഭയപ്പെടുത്താന്‍ തുടങ്ങി. അര്‍ബുദത്തെക്കാള്‍ വലിയ മുറിവുമായാണ് അവള്‍ ജീവിക്കുന്നതെന്ന് മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പുതിയ ജീവിതത്തിലേക്ക് അവളും നടക്കുന്നു. ഇന്ന് അവള്‍ ഒരു അമ്മയാവാന്‍ കാത്തിരിക്കുകയാണ്. കുഞ്ഞു പിറക്കുമ്പോള്‍ മറ്റേ കുഞ്ഞിനെ ഓര്‍മ വരുമോ എന്നവള്‍ ഭയക്കുന്നു. ആ കുഞ്ഞിന്റെ ഓര്‍മ്മകള്‍ അവളെ കടിച്ചുകീറിയ ഓര്‍മകളെ തിരികെയെത്തിക്കുമോ എന്നും അവള്‍ ഭയക്കുന്നു. സുരക്ഷിതമായ ഗര്‍ഭഛിദ്രം സുരക്ഷിതമായ ജീവിതം പോലെ ഭരണഘടന ഉറപ്പുനല്‍കുന്നു എന്ന് ഓരോ സ്ത്രീശരീരവും വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ അറിയേണ്ടതാണ്. മാനസികആരോഗ്യം എന്നത് ശരീരമായും അതിന്റെ മുറിവുകളുമായും അത്രയേറെ ബന്ധിക്കപ്പെട്ടിട്ടുണ്ട്.

7. നിര്‍മല
കുഞ്ഞുന്നാളില്‍ സ്വന്തം അച്ഛന്‍ തന്റെ ശരീരം ലാളിച്ചത് സ്നേഹം കൊണ്ടാണെന്നു വിശ്വസിച്ചവള്‍. കൗമാരം വരെയും അച്ഛനെ സ്‌നേഹിച്ചവള്‍. അച്ഛന്റെ ആഗ്രഹം സന്തോഷത്തോടെ നടത്തിക്കൊടുത്തവള്‍. അച്ഛന്‍ ഉറ്റസ്‌നേഹിതന്‍ ആണെന്ന് വിശ്വസിച്ചവള്‍. വലുതായപ്പോള്‍ പല ഘട്ടങ്ങളിലൂടെ അച്ഛന്‍ തന്നെ വയലേറ്റ് ചെയ്യുകയായിരുന്നു എന്ന് മനസിലാക്കി എന്നേക്കുമായി ഷോക്കിലേക്ക് പോയവള്‍.

സെക്‌സ് വിദ്യാഭ്യാസം തുറന്നുപറഞ്ഞ ഒരു ക്ലാസ്സിനുശേഷം ഒരു നല്ല അധ്യാപകന്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കേട്ടാല്‍ അവര്‍ക്കത് പരീക്ഷിച്ചു നോക്കാന്‍ തോന്നില്ലേ എന്ന്. എനിക്കുള്ള ഉത്തരം ഇതാണ്.
ഹ്യൂമണ്‍ പാപ്പിലോമാ വൈറസിനെ ആരോഗ്യത്തിന്റെ സദാചാരമതിലായി നമുക്കുപയോഗിക്കാം. കോണ്ടം ഉപയോഗിച്ചാലും അത് പരക്കുമെന്ന് പറയാം. ലൈംഗികബന്ധം എത്ര വൈകിയ പ്രായത്തില്‍ നടക്കുമോ അത്രയും നല്ലതെന്നു പറയാം.

സെക്‌സ് എങ്ങനെ ചെയ്യാം എന്ന് കുട്ടികളോട് പറയല്‍ കൂടെയാണ് സെക്‌സ് വിദ്യാഭ്യാസം എന്ന് മുതിര്‍ന്നവര്‍ മനസിലാക്കിയേ തീരൂ. സേഫ് സെക്‌സ് എന്നത് അത്രമേല്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സെക്‌സിനെപ്പറ്റി അറിഞ്ഞാലും ഇല്ലെങ്കിലും കുട്ടികള്‍ അത് പരീക്ഷിക്കാനും അറിയാനും ഇടയുണ്ട് എന്ന് ചിന്തിക്കാനുള്ള വിവേകം നമ്മള്‍ കാണിക്കണം. Body autonomyയെക്കുറിച്ചു ധാരണയുള്ള കുട്ടിയും അതില്ലാത്ത കുട്ടിയും അത്യധികം വ്യത്യസ്തമായാണ് തങ്ങളുടെ ലൈംഗികജീവിതവും ശരീരരാഷ്ട്രീയവും കൊണ്ടുപോകുക എന്നത് നമ്മള്‍ ദയവുചെയ്ത് മനസിലാക്കുക. Body autonomy ഉള്ളവരുടെ സുരക്ഷിതത്വമെന്ന പ്രതിരോധം അതില്ലാത്തവരുടേതിനെ അപേക്ഷിച്ച് അതിശക്തമാണെന്നു മനസിലാക്കുക.

പാപ്പിലോമാ വൈറസിനെക്കാളും എയ്ഡ്സ് വൈറസ്സിനെക്കാളും ഭീകരമാണ് കൗമാരപ്രായത്തില്‍ നടക്കുന്ന ഗര്‍ഭവും പ്രസവവും ഗര്‍ഭച്ഛിദ്രവുമെല്ലാം കുഞ്ഞുമനസ്സുകളോട് ചെയ്യുന്നത് എന്ന് നമ്മള്‍ മനസിലാക്കണം. ഗര്‍ഭനിരോധനം അത്രയ്ക്ക് പ്രാധാന്യമുള്ളതാണ്. ശരീരത്തെ അറിഞ്ഞാല്‍ മാത്രമേ പ്രതിരോധം തീര്‍ക്കാന്‍ ആവൂ. എവിടെ തൊട്ടു കളിക്കുന്നത് ശരീരത്തെ വയലേറ്റ് ചെയ്യും എന്ന് കുട്ടികള്‍ അറിയണം. കുട്ടികളെ സംരക്ഷിക്കണം.

സെക്‌സ് വിദ്യാഭ്യാസം എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഓരോ മെഡിക്കല്‍ കോളേജുകളിലെയും പ്രസവ/അബോര്‍ഷന്റൂമുകളില്‍ എത്തുന്ന പോക്സോ കേസുകളുടെ എണ്ണം മാത്രം മതി നമുക്ക്. Echmuവിന്റെ എഴുത്ത് അത്രമേല്‍ നമ്മളെ ബാധിച്ചുവെങ്കില്‍ മേല്പറഞ്ഞ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്നവര്‍ എങ്ങനെ ജീവിതം തുടരുന്നു എന്ന് ആലോചിക്കണം. അതിനെതിരെ പ്രതിരോധം ഉയരേണ്ടത് ശരീര/വൈദ്യ/നിയമഅവബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമെന്ന് അറിയുക. വിദ്യാഭ്യാസരീതി മാറണം. സദാചാരചിന്തകള്‍ മാറണം.

Top