കോട്ടയം: കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികളെ വലയിലാക്കാൻ അനാശാസ്യ സംഘങ്ങൾ സജീവം. കഴിഞ്ഞ കുറച്ചു നാളുകളായി കുമരകത്തെ ചില റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ചു വൻതോതിൽ അനാശാസ്യ പ്രവർത്തനങ്ങൾ സജീവമായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം കുമരകത്തെ ഒരു റിസോർട്ട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അനാശാസ്യസംഘത്തെ പോലീസ് പിടികൂടിയിരുന്നു. രാഷ്ട്രീയക്കാരുടെയും സമൂഹത്തിൽ സ്വാധീനമുള്ള ചിലരുടെയും നേതൃത്വത്തിലാണു സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
റിസോർട്ടുകൾക്കു പുറമെ വേന്പനാട്ടു കായലിൽ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ചും അനാശാസ്യ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നാളുകൾക്കു മുന്പു വേന്പനാട്ടു കായലിലും കുമരകത്തുള്ള റിസോർട്ടുകളിലും ഹോം സ്റ്റേകളിലും പോലീസ് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തിയിരുന്നു. ഇതോടെ അനാശാസ്യ സംഘങ്ങൾ കുമരകത്തുനിന്ന് മറ്റു സ്ഥലങ്ങളിലേക്കു താവളം മാറ്റിയിരുന്നു.
എന്നാൽ അടുത്ത നാളിൽ പരിശോധനകൾ നിലച്ചതോടെയാണു അനാശാസ്യ സംഘങ്ങൾ വീണ്ടും കുമരകം കേന്ദ്രീകരിച്ചു സജീവമായി പ്രവർത്തനം ആരംഭിച്ചത്. പല സംഘങ്ങളും പ്രവർത്തിക്കുന്നതു റിസോർട്ടുകളുടെ ഒത്താശയോടെയാണെന്നാണു പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടിയിലായവരുടെ പേരുവിവരങ്ങൾ റിസോർട്ടിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. അനാശാസ്യ സംഘത്തിന്‍റെ ഇടനിലക്കാർ കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
ഇവർ ആവശ്യക്കാരെ കണ്ടെത്തി കുമരകത്തെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കു വൻതുകയാണ് ലഭിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് ചീഫിനും ഡിവൈഎസ്പിയ്ക്കും മുൻപു പല തവണ കുമരകത്ത് അനാശാസ്യ സംഘങ്ങൾ തന്പടിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. പലപ്പോഴും പരിശോധനയ്ക്കായി എത്തിയെങ്കിലും റിസോർട്ടുകളിൽ നിന്നും രഹസ്യ സങ്കേതങ്ങളിൽ നിന്നും അനാശാസ്യ സംഘങ്ങൾ രക്ഷപ്പെട്ടിരുന്നു.
അതിനാൽ റിസോർട്ടുകളിലും പരിസരപ്രദേശങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു കഴിഞ്ഞ ദിവസം അനാശാസ്യ സംഘം പിടിയിലായത്. ജില്ലയിലെ മറ്റു ചില കേന്ദ്രങ്ങളിലും അനാശാസ്യ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.