വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: ചുറ്റിലും വമ്പന്‍ മതിലും സിസിടിവിയും; പോലീസ് പിടികൂടിയത് സാഹസികമായി

പൂനെയിലെ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത് നടത്തിവന്ന സെക്സ് റാക്കറ്റ് ഹിഞ്ചേവാദി പോലീസ് പിടികൂടി. വളരെ സാഹസികമായാണ് പോലീസ് പ്രതികളെ കീഴടക്കിയത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ നാല് പെണ്‍കുട്ടികളെ രക്ഷിച്ചു.

പോലീസ് രക്ഷിച്ച പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് മോഡല്‍ ജോലികള്‍ ചെയ്ത് വരുന്നവരായിരുന്നു. ഒരു പെണ്‍കുട്ടി വിദ്യാര്‍ത്ഥിനിയാണ്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലേയ്ക്ക് പോലീസ് എത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്നും അത് ഏത് വീട്ടിലാണെന്നും സംഘം മനസിലാക്കി.

എന്നാല്‍ പോലീസ് എത്തിയാല്‍ പ്രതിരോധിക്കാനായി വന്‍ സന്നാഹങ്ങളാണ് ഇവര്‍ വീട്ടില്‍ കരുതിയിരുന്നത്. വീടിന് ചുറ്റും സിസി ടിവി ക്യാമറകളുണ്ട്. വലിയ മതിലും സെക്യൂരിറ്റിയുമുണ്ട്. അനുമതിയില്ലാതെ ആര് വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ചാലും സെക്യൂരിറ്റി തല്ലിച്ചതയ്ക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

എന്നാല്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീടിനുള്ളില്‍ പ്രവേശിപ്പിച്ചു. എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും വീടിനുള്ളിലുണ്ടായിരുന്നു. 34കാരനായ ബലിറാമാണ് സെക്സ് റാക്കറ്റ് നടത്തിവന്നതെന്ന് പോലീസിന് വ്യക്തമായി. ബലിറാമിനെ കൂടാതെ നിധിന്‍ ഭലെറാവു, അഭയ് ഷിന്‍ഡേ, മയുര്‍ ശര്‍മ്മ, ദിലീപ് മന്തല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ നിന്നും സെക്സ്റാക്കറ്റ് സംഘത്തിന്റെ ചതിയില്‍പ്പെട്ട നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. തങ്ങളെ ചതിയിലൂടെ പെടുത്തിയതാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. രണ്ട് പേര്‍ ഡല്‍ഹിയിലെ മോഡലുകളും ഒരാള്‍ വിദ്യാര്‍ത്ഥിയുമാണെന്ന് പോലീസിനോട് ഇവര്‍ വ്യക്തമാക്കി. പ്രതികളായ അഞ്ചു പേരും തങ്ങളെ ചതിയില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

15 ദിവസങ്ങള്‍ക്ക് മുമ്പാണ് നാല് യുവതികളെയും പൂനെയില്‍ എത്തിച്ചത്. ജോലി അന്വേഷിച്ച ഇവരെ ബലിറാമും മറ്റുള്ള സുഹൃത്തുക്കളും ചേര്‍ന്ന് ചതിയില്‍പ്പെടുത്തുകയായിരുന്നു. സംഭവസമയം വീട്ടില്‍ നടത്തിയ തെരച്ചിലില്‍ മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു. അറസ്റ്റിലായ അഞ്ച് പേരെയും ജൂണ്‍ 13വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Top