കൊച്ചി:പത്തനംതിട്ട തിരുവല്ലയില്‍ യുവതിയുടെ ലെെംഗിക പീഢന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവെെഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. സിപിഐഎമ്മിന്റെ സജീവ പ്രവർത്തകയായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവരുള്‍പ്പടെ 12 പേർക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കേസില്‍ സജിമോന്‍ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ പ്രവർത്തകന്‍ നാസർ രണ്ടാം പ്രതിയുമാണ്.
പീഡനം, നഗ്‌ന വീഡിയോ പ്രചരിപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, എന്നീ വകുപ്പുകളാണ് സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ച കേസിലാണ് തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും അടക്കം 10 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തി പ്രചരിപ്പിച്ചെന്നും, ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
അതേസമയം, സജിമോനെതിരെ മുന്‍പും സമാന കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ആൾമാറാട്ടം നടത്തി ഡിഎൻഎ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.
അതേ സമയം പീഡന പരാതിക്കാരിക്ക് സി.പി.എം സസ്പെൻഷൻ നൽകിയെന്നും റിപ്പോർട്ട് .വിഡിയോ പുറത്ത് പ്രചരിച്ചത് മോശം പാർട്ടിക്ക് സന്ദേശം നൽകിയെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പറയുന്നു ..