കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സീനിയര്‍ ഡോക്ടര്‍ ബലമായി ചുംബിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി. ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്.
2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. അന്ന് ഫോണ്‍ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
വനിത ഡോക്ടറുടെ ഫെയ്സ്ബുക് കുറിപ്പ്:
‘കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019 ഫെബ്രുവരിയിൽ ഞാൻ ഇന്റേൺ ആയിരുന്ന സമയത്ത് മുതിർന്ന ഒരു ഡോക്ടർക്കെതിരെ പരാതി നൽകാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയിൽ എത്തുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതിനാൽ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാൾ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു. പെട്ടെന്ന് ഞാൻ സ്തബ്ധയായി പോയി. ഞാൻ അയാളെ തള്ളിമാറ്റി മുറിയിൽ നിന്നിറങ്ങി.
പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. അയാൾ മുതിർന്ന ഉദ്യോഗസ്ഥനായതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതൽ പരാതികളുമായി മുന്നോട്ട് പോയില്ല . ഇപ്പോൾ അയാൾ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഇത്തരം ഡോക്ടർമാർ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാർഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തിൽ ലൈംഗികവൈകൃത മനോഭാവമുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു.