ഇടുക്കി : എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് കെ എസ് യു പ്രവർത്തകർ കുളമാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കെഎസ് യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കീഴടങ്ങിയത്. ധീരജിനെ കൊലപ്പെടുത്തുന്ന സമയത്ത് മുഖ്യപ്രതിയായ നിഖിൽ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരും. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ഇരുവരും കീഴടങ്ങിയത്. 6 പ്രതികളുള്ള കേസിൽ ഇനി രണ്ടു പേർകൂടി പിടിയിലാകാനുണ്ട്.
ഇതിനിടെ റിമാൻറിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലിയെയും ജെറിൻ ജോജോയേയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. ഇടുക്കി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. അതേസമയം അന്വേഷണം ഊർജിതപ്പെടുത്തുന്നതിനായി ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൊലപാതകം നടന്നതിന് ശേഷം പ്രതികൾ വിളിച്ചിട്ടുള്ള ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.