കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ ലോലിതയെ ഡ്രൈവര്‍ വിഷം കൊടുത്തു കൊന്നു

lolitha

തൃശൂര്‍: കൊല്ലപ്പെട്ട ലോലിതയോട് അടുപ്പം കാണിച്ച് പണവും സ്വര്‍ണാഭരണങ്ങളും കടം വാങ്ങിക്കുകയും അത് തിരികെ ചോദിച്ചപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. തൃശൂരിലെ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരിയായിരുന്നു ലോലിത. സ്ത്രീയെ തമിഴ്നാട്ടിലെത്തിച്ചാണ് കൊലപ്പെടുത്തിയത്.

മുളങ്കുന്നത്തുകാവ് സ്വദേശി സിജീഷിനെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷം നല്‍കിയും ബലപ്രയോഗം നടത്തിയുമാണ് കൊല നടത്തിയത്. ബോധരഹിതയായ യുവതിയെ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ സിജീഷ് കുറ്റസമ്മതം നടത്തി.

ദുരൂഹ സാഹചര്യത്തില്‍ തൃശൂരില്‍നിന്നു കാണാതായ ലോലിതയെ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചേറ്റുപുഴ സ്വദേശിനിയാണ് മരിച്ച ലോലിത. കോയമ്പത്തൂര്‍ പൊള്ളാച്ചി ആര്‍എസ് കനാല്‍ റോഡില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് ലോലിതയെ തൃശൂരില്‍നിന്നു കാണാതായത്. കണ്ടെത്തുമ്പോള്‍ വീട്ടമ്മ മദ്യലഹരിയില്‍ അവശ നിലയിലായിരുന്നു. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്ന് ലോലിത കഴിഞ്ഞദിവസം ഫോണിലൂടെ അമ്മയെ അറിയിച്ചിരുന്നു. വീട്ടില്‍നിന്നു പോകുമ്പോള്‍ ലോലിത ആഭരണങ്ങള്‍ കൊണ്ടു പോയിരുന്നെന്നും എന്നാല്‍ ഈ ആഭരണങ്ങള്‍ ഇപ്പോള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

Top