വീണ്ടും എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം; കാലടി സര്‍വ്വകലാശാലയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തു

കാലടി: യൂണിവെഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടായിസം സംബന്ധിച്ച പരാതിയില്‍ നിന്നും എസ്എഫ്‌ഐക്കാര്‍ മോചിതരാകുന്നതിന് മുമ്പ് വീണ്ടും സംഘടനയ്‌ക്കെതിരെ അതേ ആരോപണം. കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലാണ് ഇപ്പോഴത്തെ സംഭവം. സംസാരിച്ചിരുന്ന തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തെന്നാണ് പെണ്‍കുട്ടി പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്. തൃശൂര്‍ സ്വദേശിനിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയത്.

സംഭവം നടന്നതു കഴിഞ്ഞ 21നാണെങ്കിലും കഴിഞ്ഞദിവസമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പേടികൊണ്ടാണ് സംഭവം ഇതുവരെ മൂടിവച്ചതെന്നാണ് ഇവര്‍ പൊലീസിനോടുപറഞ്ഞത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചതായും കാലടി സിഐ സജി മര്‍ക്കോസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതി നല്‍കിയ യുവതി ബംഗളൂരുവില്‍ ജോലിചെയ്യുകയാണ്. തന്നെയും സുഹൃത്തിനേയും ആക്രമിച്ച നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പേര് യുവതി പൊലീസിനുനല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ കണ്ടാല്‍ അറിയാമെന്നു പെണ്‍കുട്ടി വ്യക്തമാക്കിയതായും സിഐ സജി മാര്‍ക്കോസ് പറഞ്ഞു. യുവതിക്കൊപ്പം മര്‍ദനമേറ്റ യുവാവ് നേരത്തെ ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയിരുന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്.

പൂര്‍വ്വ വിദ്യാര്‍ത്ഥിയായ താന്‍ കലോത്സവത്തിനു കൂട്ടുകാര്‍ വളിച്ചതു പ്രകാരമാണ് സര്‍വ്വകലാശാലയില്‍ എത്തിയതെന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. രാത്രി പരിപാടികള്‍ കഴിഞ്ഞ് ക്യാംപസിലെ കൂത്തമ്പലത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയെന്നും അതില്‍ ദഒരു സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് പതിനഞ്ചോളം വരുന്ന സംഘം അടുത്തെത്തി ചോദ്യം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. നിങ്ങള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അവര്‍ ചോദിച്ചു. ഇല്ല എന്നുമറുപടി നല്‍കിയെങ്കിലും തന്റെ ബാഗ് സംഘം തട്ടിപ്പറിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.

ബാഗിനുള്ളില്‍ നിന്നും ലാപ്‌ടോപ്പും വസ്ത്രങ്ങളും ബാഗില്‍നിന്നും വലിച്ച് താഴെയിട്ട് അപമാനിച്ചുവെന്നും പ്രതികരിക്കാന്‍ ശ്രമിച്ച സുഹൃത്തിനെ കൂട്ടം ചേര്‍ന്ന് അവര്‍ മര്‍ദിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെസംഘം ഇടപെടാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ താനും സുഹൃത്തുക്കളും അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

പുലര്‍ച്ചെ 2.30നുളള ട്രെയിനില്‍ ബംഗളൂരുവിലേക്ക് പോകാനുളള തനിക്കു ബാഗ് നഷ്ടപ്പെട്ടതിനാല്‍ യാത്ര മുടങ്ങിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പിറ്റേന്ന് ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് ബാഗ് തിരിച്ചുകിട്ടുന്നത്. ആദ്യം പരാതിപ്പെടാതിരുന്നത് പേടികൊണ്ടാണെന്നും ഭാവിയെ മുന്‍നിര്‍ത്തി പരസ്യമായി പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.

തന്റെ സ്വകാര്യതയെ സംരക്ഷിച്ച് തനിക്കുനേരെയുണ്ടായ സദാചാര ഗുണ്ടായിസത്തെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടി പരാതിയില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ സദാചാര ഗുണ്ടായിസം വിവാദങ്ങള്‍ സൃഷ്ടിച്ചതിനുപിറകേയാണ് ഈ ആരോപണവും വന്നിരിക്കുന്നത്.

Top