ഇന്നലെ രാത്രി സന്നിധാനത്ത് നാമജപം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചതുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടിയെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ ശരണം വിളിക്കുന്നതിൽ കേസെടുക്കില്ലെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണംവിളിച്ചതിനാണ് 100 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാത്രി പത്തരയ്ക്കാണ് ഇവർ സന്നിധാനത്ത് ശരണം വിളിച്ചത്. വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. വടക്കേനടയില്‍ പൊലീസ് ഇവരെ തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, തിങ്കളാഴ്ച അർധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ വീണ്ടും 144 പ്രഖ്യാപിച്ചു പത്തനംതിട്ട കലക്ടറുടെ ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു.
എന്നാൽ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നത്. തീർഥാടനത്തിനായി നട തുറന്നശേഷം വ്യാഴാഴ്ച വരെ 17 കേസുകൾ രജിസ്റ്റർ ചെയ്തു. 72 പേരെ റിമാൻഡ് ചെയ്തു. ജില്ലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 84 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എഡിഎമ്മിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ചാണു കലക്ടർ തീരുമാനമെടുത്തത്.
അയ്യപ്പന്മാരുടെ സമാധാനപരമായ ദർശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു. തീർഥാടകർക്ക് ഒറ്റയ്ക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവിൽ പറയുന്നു. നേരത്തേ, പൊലീസിന്റെ ആവശ്യപ്രകാരം 15ന് അർധരാത്രി മുതൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ കേസെടുത്തു.