
ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്ന് അംഗ മേല്‍ നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇനി മുതല്‍ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും. ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ അപ്പപ്പോള്‍ കോടതിയെ സമീപിക്കാനും സാധിക്കും. ശബരിമലയിലെ പൊലീസ് നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഏകപക്ഷീയമായ പൊലീസിന്റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികള്‍ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂര്‍ , കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനായ ജസ്റ്റീസ് പി.ആര്‍ രാമന്‍, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഇവിടെ പ്രതിഷേധങ്ങള്‍ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികള്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ അറിയിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഈ മണ്ഡലകാലം മുഴുവന്‍ ഇവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ ശുപാര്‍ശകള്‍ നിര്‍ദേശിക്കും.