ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. യുവതീ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട 48 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. അഭിഭാഷകര്‍ക്കോ കക്ഷികള്‍ക്കോ ചേംബറിലേക്ക് പ്രവേശനമുണ്ടാകില്ല. വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ബെഞ്ചിലുണ്ട്.
അദ്ദേഹം അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഇതിന് പുറമെ ശബരിമല വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ നാളെ രാവിലെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് സുപ്രീം കോടതി ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഉത്തരവിട്ടത്. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കണമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കുള്ള വിലക്ക് സുപ്രീം കോടതി റദ്ദാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.