കൊച്ചി:സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരായ കെ.കെ മോഹനന്‍, സി.വി ഷജില്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഷെഹലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പാമ്പുകടിയേറ്റ ഷഹലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പു വരുത്തുന്നതില്‍ ഇവരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായി എന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75-ആം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്.
പ്രതികൾ സസ്‌പെന്‍ഷനിലായതിനാൽ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തിരിച്ചു സര്‍വീസില്‍ കയറിയാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഇരുവരേയും അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം. അറസ്റ്റു ചെയ്താല്‍ അന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.