വയനാട്: വയനാട് ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ .അതേസമയം വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ നടപടികളും പ്രതിഷേധങ്ങളും ശക്തമാവുന്നു. ജില്ലാ ജഡ്ജി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ സ്കൂളില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ജഡ്ജി സ്കൂളില്‍ എത്തിയത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. അതേസമയം തന്നെ സ്കൂള്‍ അധികൃതര്‍ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ വിദ്യാര്‍ത്ഥികളും രംഗത്ത് എത്തിയിട്ടുണ്ട്.
ഷെഹ്ല മരിക്കുന്നതിന് തൊട്ടു തലേദിവസവും സ്കൂളില്‍ പാമ്പിനെ കണ്ടിരിന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ അധ്യപകര്‍ തങ്ങളെ അടിക്കാന്‍ വന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. കുട്ടികള്‍ ചെരുപ്പിട്ട് ക്ലാസില്‍ കയറില്‍ പത്തു രൂപയാണ് ഫൈന്‍ ഈടാക്കുന്നത്. എന്നാല്‍ അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരുപ്പിട്ട് കാസ്ലില്‍ കയറാമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അധ്യാപകരാണ് ആ കുട്ടിയെ കൊലക്ക് കൊടുത്തത്. ഷഹ്ലയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ടീച്ചറെ എനിക്ക് തീരെ വയ്യെന്നും എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കണമെന്നും അവള്‍ പറഞ്ഞിരുന്നു. ഷഹലക്ക് എന്താണ് പറ്റിയതെന്ന് ഷിജില്‍ സാറോട് ചോദിച്ചപ്പോള്‍ കാല് പോറിയതാണന്നാണ് പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. എന്തിനാ കാലില്‍ കെട്ടിയതെന്ന് ചോദിച്ചപ്പോള്‍ കാലില്‍ വേദനയുണ്ടെന്നായിരുന്നു സാറിന്‍റെ മറുപടി. കുട്ടിയെ നമുക്ക് ആശുപത്രിയില്‍ എത്തിക്കാമെന്ന് മറ്റൊരു ടീച്ചര്‍ പറഞ്ഞപ്പോള്‍ കുട്ടിയുടെ അച്ഛന്‍ വന്ന് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നായിരുന്നു സാറിന്‍റെ മറുപടിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഷീറ്റ് കൊണ്ട് മറച്ച മേല്‍ക്കൂരയുള്ള കെട്ടിടത്തിലാണ് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നത്. നിലത്ത് പൊത്തുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ അധ്യാപകര്‍ക്ക് അറിയാമായിരുന്നു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന രണ്ട് ചാക്ക് സിമന്‍റ് സ്കൂള്‍ പരിസരത്ത് കട്ട പിടിച്ച് കിടക്കുന്നു. അതില്‍ ഒരു പിടി വാരിയിട്ട് പൊത്ത് അടക്കാമായിരുന്നില്ലേ എന്നും കുട്ടികള്‍ ചോദിച്ചു. കാത്തിരുന്നു സ്കുളിലെ അധ്യാപകരില്‍ പലര്‍ക്കും കാര്‍ ഉണ്ടായിട്ടും ഷെഹലയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും രക്ഷിതാക്കള്‍ എത്തുന്നതിനായി കാത്തിരുന്നെന്നുമാണ് കുട്ടികള്‍ വ്യക്തമാക്കുന്നു.
തനിക്ക് പാമ്പ് കടിയേറ്റതായി ഷഹല തന്നെ അധ്യാപകനോട് പറഞ്ഞിരുന്നു. എന്നാല്‍ 3.15 ന് പാമ്പു കടിച്ച കുട്ടിയെ നാല് മണിയോടെ മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സ്കൂളുകളുടേയും സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാമ്പ് കടിയേറ്റാല്‍ എങ്ങനെ ചികിത്സ നല്‍കണം എന്നതിനേക്കുറിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാന്‍ വനം വകുപ്പിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വനംവകുപ്പിന്‍റെ പരിശീലനത്തോട് വിമുഖത കാണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ മുഴുവന്‍ സ്കൂളുകളും ഉടന്‍ വ്യത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ-ഡയറക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളും ക്ലാസ് പരിസരവും വ്യത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.