
കല്‍പ്പറ്റ: ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഹെഡ് മാസ്റ്റര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ പിടിഎയും പിരിച്ച് വിട്ടു. പ്രിന്‍സിപ്പള്‍ കരുണാകരനെയും ഹെഡ്മാസ്റ്റര്‍ കെ.മോഹന്‍ കുമാറിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെയും പിരിച്ചു വിട്ടു. വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അനാസ്ഥ കാട്ടിയ ഷിജില്‍ എന്ന അധ്യാപകനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു അടക്കമുള്ള സംഘടനകള്‍ ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇപ്പോഴും സംഘടനകളുടെ പ്രതിഷേധം കളക്ട്രേറ്റല്‍ തുടരുകയാണ്.സ്‌കൂളിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ജഡ്ജി എ. ഹാരിസും പറഞ്ഞിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഹാരിസ് താക്കീത് നല്‍കി. കുട്ടിയുടെ മരണം കേവലം ഒരു വിദ്യാര്‍ഥിയുടെ മരണമായി കാണാതെ സ്വന്തം കുട്ടിയുടെ മരണമായി കാണണമെന്നും ജഡ്ജി പ്രധാനധ്യാപകനോട് പറഞ്ഞിരുന്നു.ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളിനു പുറത്ത് വിദ്യാര്‍ഥികളുടെ സമരം നടക്കുന്നുണ്ട്. അതുവരെ ക്ലാസില്‍ കയറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് സമരം.
ഷഹ്‌ല മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിയ്ക്കും നോട്ടീസയച്ചിട്ടുണ്ട്.വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കുന്നതില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗം യശ്വന്ത് ജയിന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
ഷഹലയുടെ മരണത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. ജില്ലി ജഡ്ജിയും സംഘവും രാവിലെ സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിററി ചെയര്‍പേഴ്‌സണും സ്‌കൂളിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ ജഡ്ജി എ ഹാരിസ് ഹൈക്കോടി ജഡ്ജിക്ക് സമര്‍പ്പിക്കും. വളരെ മോശകരമായ സാഹചര്യമാണ് സ്‌കൂളിലേത് എന്ന് എ ഹാരിസ് പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശ പ്രകാരം ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഹെഡ്മാസ്റ്ററോട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഷഹലയുടെ മരണത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതിനിടെ ഷഹലയ്ക്ക് ചികിത്സ വൈകിയതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.