സുനന്ദ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു. ജൂലൈ ഏഴിന് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.

അതേസമയം, ആദ്യ പൊലീസ് സംഘത്തിന്റെ വീഴ്ച്ച അന്വേഷിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി കോടതിയെ സമീപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്.  പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ദില്ലി പൊലീസ് കുറ്റപത്രം നല്‍കിയത്.

2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്‌ത ആദ്യം വ്യക്‌തമാക്കിയിരുന്നു. എന്നാൽ, അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് ആരോപിച്ചു.

എയിംസ് ഓട്ടോപ്സി വിഭാഗം നടത്തിയ പരിശോധനയിൽ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതിൽ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈൽ ഫോണിൽ വന്ന കോളുകളും അവർ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു.

ഇതിനിടെ സുനന്ദപുഷ്‌കര്‍ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്ക് കേസില്‍ പങ്കുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി.എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ദില്ലി ഹൈക്കോടതി തള്ളി.

Top