ന്യൂദല്‍ഹി:മാനനഷ്ടക്കേസിൽ ഹാജരാകാത്തതിന് കോൺഗ്രസ് നേതാവും , മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എം പി യ്ക്ക് പിഴ ശിക്ഷ . ഡൽഹി കോടതിയാണ് 5000 രൂപ പിഴ ചുമത്തിയത് . പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ കേസില്‍ വാദം കേള്‍ക്കലിന് ഹാജരാവാത്തതിനെ തുടര്‍ന്നാണ് പിഴ.
ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍.എസ്.എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം.
തുടര്‍ന്ന് ബി.ജെ.പി നേതാവ് രാജീവ് ബാബ്ബറാണ് ശശി തരൂരിനെതിരെ പരാതിപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ വച്ചായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.തരൂരിന്റെ പരാമര്‍ശം കോടിക്കണക്കിന് വരുന്ന ശിവഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.