ന്യുഡൽഹി: കൊറോണക്കാലത്ത് അച്ഛന്‍ സ്വന്തം സുരക്ഷയും വീട്ടിലുള്ളവരുടെ സുരക്ഷയും പരിഗണിക്കാതെ പാര്‍ലമെന്റില്‍ പോകുന്നുവെന്ന പരാതിയുമായി ശശി തരൂര്‍ എം.പി.യുടെ മകന്‍ ഇഷാന്‍ തരൂര്‍. ട്വിറ്ററിലൂടെയാണ് ഇഷാന്റെ പ്രതികരണം. വീട്ടിലുള്ളവരുടെ സുരക്ഷ പോലും പരിഗണിക്കാതെയാണ് അച്ഛന്‍ പാര്‍ലമെന്റിലേക്ക് പോകുന്നതെന്ന് മകന്‍ ഇഷാന്‍ തരൂര്‍ പരാതിപ്പെട്ടു.
സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് അച്ഛന്‍ സ്വന്തം സുരക്ഷയും വീട്ടിലുള്ളവരുടെയും സുരക്ഷ പരിഗണിക്കാതെ പാര്‍ലമെന്റിലേക്ക് പോകുന്നതിനെക്കുറിച്ച് മകന്‍ എഴുതിയത്. വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നതിനിടെ ആളുകള്‍ ചേര്‍ന്നിരിക്കുന്ന പാര്‍ലമെന്റിലേക്ക് പോകാന്‍ അച്ഛന്‍ നിര്‍ബന്ധം പിടിക്കുകയാണ്. ഇത് അദ്ദേഹത്തിന് മാത്രമല്ല, പ്രായമായ തന്റെ മുത്തശ്ശിക്ക് പോലും അപകടമേറിയ കാര്യമാണെന്നും ഇഷാന്‍ പറയുന്നു.
എന്നാല്‍ ശശി തരൂര്‍ ഇക്കാര്യത്തിന് മറുപടിയുമായി അപ്പോള്‍ തന്നെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങളാണ് മകന് മുമ്പില്‍ ശശി തരൂര്‍ നിരത്തിയത്. ഡോക്ടര്‍മാരെയും ഭക്ഷണ വിതരണക്കാരെയും പോലെ തന്നെ ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികളെയും സാമൂഹിക അകലം പാലിക്കുന്നതില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയിട്ടുണ്ടെന്നും കാരണം അവരുടെ എല്ലാം ഉത്തരവാദിത്തം സമൂഹത്തെ സേവിക്കലാണെന്നും ട്വീറ്റിലൂടെ മകന് ശശി തരൂര്‍ മറുപടി കൊടുത്തു.