ദുരിതാശ്വാസത്തിനായി മലയാളി താരങ്ങള്‍ നല്കിയ സംഭാവന കുറഞ്ഞുപോയെന്ന് നടി ഷീല. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍ നല്കിയ സംഭാവനത്തുകയെ ആണ് ഷീല വിമര്‍ശിക്കുന്നത്.
സിനിമാ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്കിയിരുന്നെങ്കില് എത്ര വലിയ തുക ആയേനെ. നാല് കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന താരങ്ങളുണ്ടെന്നും ഷീല പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ താരനിശ നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.