എളമരത്തിനെ രക്ഷിച്ചതിന്‌ എന്തു സമ്മാനമാണ്‌ സി.പി.എം.നല്‍കിയതെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കണം -ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: എളമരംകരീം അടക്കം കേരളത്തിലെ മൂന്നു രാഷ്‌ട്രീയ നേതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു താന്‍ കത്തു നല്‍കിയതായി ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. എളമരം കരീമിനൊപ്പം കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രിയെയും മുസ്ലിം ലീഗ്‌ നേതാവിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ ശോഭ പറഞ്ഞു. ആലപ്പുഴ പ്രസ്‌ ക്ലബിന്റെ തദ്ദേശം 2015 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചക്കിട്ടപ്പാറ ഖനനം സംബന്ധിച്ച അന്വേഷണത്തില്‍ വിജിലന്‍സ്‌ എസ്‌.പി: സുകേശനെ ചുമതലപ്പെടുത്തിയതില്‍ ബി.ജെ.പിയ്‌ക്ക്‌ അതൃപ്‌തിയുണ്ട്‌.

സംഭവം സംബന്ധിച്ച്‌ എന്തുകൊണ്ട്‌ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു. സി.ബി.ഐ. അന്വേഷണം നടത്തിയാല്‍ ബി.ജെ.പി. ഖനനവുമായി ബന്ധപ്പെട്ട്‌ കൈവശമുള്ള തെളിവുകള്‍ കൈമാറും. ഖനനവിഷയത്തില്‍ എളമരം കരീമിനെ രക്ഷിച്ചതിന്‌ എന്തു സമ്മാനമാണ്‌ സി.പി.എം. നല്‍കിയതെന്ന്‌ വ്യക്‌തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള യു.പി.എ. മാതൃകയിലുള്ള മുന്നണിയുണ്ടാകും. സി.പി.എം മുന്നണിക്കകത്താകുമോ പുറത്തുനിന്ന്‌ പിന്തുണ നല്‍കുമോയെന്നതുമാത്രമാണ്‌ അറിയാനുള്ളത്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ യു.ഡി.എഫ്‌- എല്‍.ഡി.എഫ്‌. ധാരണയുണ്ടാക്കിയിരിക്കുകയാണ്‌. സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും ബി.ജെ.പിക്കെതിരെ ഒരു മുന്നണിയായാണ്‌ ഇരു പാര്‍ട്ടികളും പ്രചരണം നടത്തുന്നത്‌. എസ്‌.എന്‍.ഡി.പിയുമായി ബി.ജെ.പിയുണ്ടാക്കിയ സഖ്യം ഒരിക്കലും റിസ്‌ക്ക്‌ ആയിരുന്നില്ല. സഖ്യമുണ്ടെങ്കില്‍ അത്‌ ബി.ജെ.പി. തുറന്നു പറഞ്ഞിട്ടുണ്ട്‌. എന്നാല്‍, കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടാക്കിയ അവിശുദ്ധസഖ്യത്തെക്കുറിച്ച്‌ തുറന്നുപറയാന്‍ നേതാക്കള്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top