തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി വീണ്ടും പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മൂന്നുപേരുടെ ഗൂഢാലോചനയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എഡിജിപി ബി സന്ധ്യ, പിന്നെ ഒരു തീയേറ്റര്‍ ഉടമയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണ് ദിലീപിന്റെ അറസ്റ്റ്.
ചാരക്കേസില്‍ നമ്പി നാരായണനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി എങ്ങനെ കരുണാകരനെ ഒതുക്കാന്‍ ശ്രമിച്ചോ അതേ അടവാണ് ഇപ്പോള്‍ കോടിയേരി പിണറായിക്കെതിരെ പയറ്റുന്നതെന്നും ജോര്‍ജ് പറഞ്ഞു. സിപിഎമ്മിലെ പുറത്തുവരാത്ത ഗ്രൂപ്പിസത്തിന്റെ ഭാഗമായി പിണറായിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കളിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചത്.
നേരത്തെയും ദിലീപിന് അനൂകൂലമായി പിസി ജോര്‍ജ് സംസാരിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. തുടര്‍ന്ന് ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് പിസി ജോര്‍ജ് ചോദിച്ചിരുന്നു.അതിനിടെ കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിച്ചിരുന്നെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു.തിങ്കളാഴ്ച രാവിലെ 10.30ാണ് ദിലീപിന്റെ കേസ് കോടതി പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് മുമ്പ് കോടതി വിധി പറയുമെന്നാണ് സൂചന. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ വാദം കേട്ടിരുന്നു. ദിലീപിനു വേണ്ടി അഡ്വ രാംകുമാറും പ്രോസിക്യൂഷനു വേണ്ടി മഞ്ചേരി ശ്രീധരന്‍ നായരുമാണ് ഹാജരായത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ശനിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.